ഗാന്ധിനഗര്‍: ഗുജറാത്തില്‍ അധ്യാപികയെ തല്ലിയതിന് വിദ്യാര്‍ത്ഥി അറസ്റ്റില്‍. പന്ത്രണ്ടാം ക്ലാസുകാരനായ മുഹമ്മദ് അന്‍സാരിയാണ് അറസ്റ്റിലായത്. പരീക്ഷയ്ക്ക് താമസിച്ച് എത്തിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. ഗുജറാത്തിലെ പഞ്ച്മഹലിലുള്ള എസ്.ജെ. ദാവെ ഹൈസ്‌കൂളില്‍ ജനുവരി 24നാണ് സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അദ്ധ്യാപികയുടെ കരണത്തടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് വിദ്യാര്‍ത്ഥിക്കെതിരെ ഉയര്‍ന്നത്.

പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് വൈകിയെത്തിയത് അദ്ധ്യാപിക ചോദ്യം ചെയ്തതാണ് അന്‍സാരിയെ പ്രകോപിപ്പിച്ചത്. വീട്ടില്‍ തന്നെ ആരും ചോദ്യം ചെയ്യാറില്ല. പിന്നെ നിങ്ങളാരാണ് എന്ന് ചോദിച്ചുകൊണ്ടായിരുന്നു അന്‍സാരി അദ്ധ്യാപികയുടെ കരണത്തടിച്ചത്. അധ്യാപിക സ്‌കൂളില്‍ നിന്ന് ഇറങ്ങിയോടി. സംഭവദിവസം വിദ്യാര്‍ത്ഥിയുടെ പിതാവ് അദ്ധ്യാപികയുടെ അടുത്തെത്തി മാപ്പ് പറഞ്ഞിരുന്നെങ്കിലും, ജനുവരി 27ന് ഇയാള്‍ വിദ്യാര്‍ത്ഥിയെയും ഇരുപതോളം പേരെ കൂട്ടി സ്‌കൂളിലെത്തി തനിച്ച് താമസിക്കുന്ന അദ്ധ്യാപികയെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറയുന്നു.

ഇതിനുശേഷം ഫെബ്രുവരി മൂന്നിനാണ് അദ്ധ്യാപിക പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് അന്‍സാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പൊതുമദ്ധ്യത്തിലൂടെ പൊലീസ് നടത്തിച്ചു. എന്നാല്‍, ഇത് തെളിവെടുപ്പിന്റെ ഭാഗമായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പ്രതിക്ക് കോടതി ജാമ്യവും അനുവദിച്ചിരുന്നു.