ന്യൂഡല്‍ഹി: വനിതാ മോഡലിന്റെ മുടിവെട്ടി നശിപ്പിച്ചെന്ന പരാതിയില്‍ നഷ്ടപരിഹാരം 25 ലക്ഷമായി നിജപ്പെടുത്തി സുപ്രീംകോടതി. മോഡലിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ (എന്‍സിഡിആര്‍സി) ഉത്തരവു സുപ്രീം കോടതി വീണ്ടും റദ്ദാക്കിക്കൊണ്ടാണ് നേരത്തെ നല്‍കിയ 25 ലക്ഷം രൂപ മതിയെന്ന് ഉത്തരവിട്ടത്. ഈ തുക അന്തിമ നഷ്ടപരിഹാരമായി തുടരുമെന്നും കോടതി വിധിച്ചു.

പഞ്ചനക്ഷത്ര ഹോട്ടലായ ഐടിസി മൗര്യയിലെ സലൂണ്‍ ആണ് മോഡലാ യുവതിയുടെ മുടി വെട്ടി നശിപ്പിച്ചത്. തുടര്‍ന്ന് യുവതി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനില്‍ പരാതി നല്‍കുകയും കമ്മീഷന്‍ യുവതിക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കുകയും ചെയ്തു. എന്നാല്‍ മുടിവെട്ടിയ സലൂണ്‍ സുപ്രീംകോടതിയെ സമീപിച്ചു. ഇതോടെ ഐടിസി മൗര്യ നേരത്തെ കെട്ടിവച്ച 25 ലക്ഷം രൂപ മതി നഷ്ടപരിഹാരമെന്നും കോടതി വ്യക്തമാക്കി.

മോഡലിംങ്, സിനിമ വേഷങ്ങള്‍, വരുമാനം എന്നിവയില്‍ ഹെയര്‍കട്ട് മൂലമുണ്ടായ വ്യക്തമായ നഷ്ടം തെളിയിക്കുന്നതില്‍ പരാതിക്കാരി പരാജയപ്പെട്ടുവെന്ന് ജസ്റ്റിസുമാരായ രാജേഷ് ബിന്‍ഡാല്‍, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചത്. മുന്‍ കോടതി ഉത്തരവുകള്‍ പ്രകാരം അവര്‍ക്ക് ഇതിനകം നല്‍കിയ 25 ലക്ഷം രൂപ അന്തിമ നഷ്ടപരിഹാരമായി തുടരുമെന്ന് വിധിച്ചു.

2018 ലാണ് യുവതിയുടെ മുടിവെട്ടിയ സംഭവം വിവാദമയത്. 'മുടി വെട്ടുമായി' ബന്ധപ്പെട്ട് പ്രമുഖ ബ്രാന്‍ഡുകളുടെ മോഡലായ ആഷ്‌ന റോയിയാണ് പരാതി നല്‍കിയത്. മുടിയറ്റത്തു നിന്ന് 4 ഇഞ്ച് വെട്ടാനായിരുന്നു നിര്‍ദേശം. എന്നാല്‍, 4 ഇഞ്ച് മാത്രം ബാക്കിയാക്കി മുടി ഏറക്കുറെ പൂര്‍ണമായി വെട്ടിമാറ്റി. വെട്ടുന്നതിനിടെ സംശയം തോന്നി ചോദിച്ചെങ്കിലും 'ലണ്ടന്‍ ഹെയര്‍കട്ടാണ്' നടത്തുന്നതെന്നായിരുന്നു മറുപടി. ഇതു മോഡലിങ് തൊഴിലിനെ ബാധിച്ചുവെന്നും വിഷാദരോഗത്തിന് അടിമപ്പെട്ടു എന്നുമായിരുന്നു മോഡലിന്റെ പരാതി. 5 കോടി രൂപയാണ് ഇവര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.