- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത ആര്‍എസ്എസ് അധ്യക്ഷന്‍ ദളിത് വിഭാഗത്തില്‍ നിന്നോ? ഉറപ്പില്ലെന്ന് മോഹന്‍ ഭാഗവത്; പദവി ഒഴിയാന്‍ തയ്യാറെന്നും വെളിപ്പെടുത്തല്‍

മുംബൈ: ആര്‍എസ്എസ് അധ്യക്ഷ സ്ഥാനത്തേക്ക് ദളിത് അല്ലെങ്കില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നൊരാള്‍ വരുമോ എന്ന കാര്യത്തില്‍ വ്യക്തത നല്‍കാനാകില്ലെന്ന് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. സംഘടനയുടെ തുടക്കം മുതല്‍ ബ്രാഹ്‌മണ സമുദായത്തില്‍ നിന്നുള്ളവരാണ് ഉന്നത പദവികള്‍ അലങ്കരിക്കുന്നതെന്ന വസ്തുത നിലനില്‍ക്കെയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
സംഘടന ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും അധ്യക്ഷ പദവി ഒഴിയാന്‍ താന്‍ തയ്യാറാണ്. നിലവില്‍ പ്രായപരിധി കഴിഞ്ഞിട്ടും തുടരുന്നത് സംഘടനയുടെ നിര്‍ദ്ദേശപ്രകാരമാണ്. ജാതിയോ സമുദായമോ നോക്കിയല്ല, പ്രവര്‍ത്തന മികവ് വിലയിരുത്തിയാണ് സ്ഥാനങ്ങള്‍ നല്‍കുന്നത്. ആര്‍എസ്എസ് അധ്യക്ഷന്‍ ഒരു ഹിന്ദുവായിരിക്കണം എന്നത് മാത്രമാണ് മാനദണ്ഡം. ആര്‍എസ്എസിന്റെ ചരിത്രത്തില്‍ റിട്ടയര്‍മെന്റ് എന്നൊന്നില്ല. അവസാന തുള്ളി രക്തം വരെ വോളന്റിയറായി തുടരുക എന്നതാണ് നയം. 75 വയസ്സ് കഴിഞ്ഞവര്‍ പദവികളില്ലാതെ സംഘടനയില്‍ തുടരുന്നതാണ് പതിവ്.
ഹിന്ദി അറിയാത്ത ദക്ഷിണേന്ത്യക്കാര്‍ക്കായി ഇംഗ്ലീഷ് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും ഏതെങ്കിലും പ്രത്യേക മതത്തെ ലക്ഷ്യം വെച്ചല്ല ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴിമതി സിസ്റ്റത്തിന്റെ ഭാഗമല്ലെന്നും അത് മനുഷ്യന്റെ മനസ്സിലാണെന്നും അദ്ദേഹം നിരീക്ഷിച്ചു. ആര്‍എസ്എസിന്റെ ചരിത്രത്തില്‍ ഇതുവരെ വന്ന ആറ് സര്‍സംഘചാലക്മാരില്‍ അഞ്ചു പേരും ബ്രാഹ്‌മണ സമുദായത്തില്‍ നിന്നുള്ളവരായിരുന്നു. ഒരാള്‍ ക്ഷത്രിയ വിഭാഗത്തില്‍ നിന്നുള്ളയാളും. ഈ പശ്ചാത്തലത്തിലാണ് പുതിയ ചര്‍ച്ചകള്‍.


