- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടം നല്‍കിയ പണം തിരികെ ചോദിച്ചു; യുവാവിനെ സുഹൃത്തുക്കള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; അപകടമരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം

ആഗ്ര: കടം നല്‍കിയ പണം തിരികെ ചോദിച്ച യുവാവിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അപകടമരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടത്തി. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ആഗ്ര ജില്ലയിലെ ഏക്ത പോലീസ് സ്റ്റേഷന്‍ പ്രദേശത്തെ രാഹുല്‍ സിങ്ങിനെയാണ് ഫെബ്രുവരി മൂന്നിന് സുഹൃത്ത് ദീപക് കുമാറും (31) കൂട്ടാളികളും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കടം നല്‍കിയ 34,000 രൂപയുടെ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. മൃതദേഹം ഗ്വാളിയോര്‍ ഹൈവേയിലെ ഖാരി നദി പാലത്തിനടിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കേസില്‍ ദീപക് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ദീപക്കിനൊപ്പം ആശാരി പണി ചെയ്യുകയായിരുന്നു രാഹുല്‍. ഇവരുടെ സുഹൃത്ത് രവീന്ദ്രയാണ് രാഹുലിന്റെ കയ്യില്‍ നിന്ന് തുക വാങ്ങിയത്. നിരന്തരം പണം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ ക്ഷുഭിതനായ രവീന്ദ്ര ദീപക്കിനും മറ്റൊരു സുഹൃത്തായ സണ്ണിക്കുമൊപ്പം ചേര്‍ന്ന് രാഹുലിനെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, അപകട മരണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം പാലത്തിനടിയില്‍ ഉപേക്ഷിച്ചു.
സംഭവ ദിവസം, ദീപക്കും രാഹുലും ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നതായി പൊലീസ് പറഞ്ഞു. കുറ്റകൃത്യത്തിന് ശേഷം ദീപക്, രവീന്ദ്ര, സണ്ണി എന്നിവര്‍ ഒളിവില്‍ പോയതാണ് സംശയത്തിനിടയാക്കിയത്. രാഹുലിന്റെ സഹോദരന്‍ സച്ചിന്‍ നല്‍കിയ പരാതിയില്‍ ബിഎന്‍എസ് സെക്ഷന്‍ 103(1) പ്രകാരം ഇരാദത്ത് നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബാക്കിയുള്ള പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഷംഷാബാദ് എസിപി അമീഷ പറഞ്ഞു.


