സോന്‍ഭദ്ര: കാമുകിയുമായി വാലന്റൈന്‍സ് ഡേ ഷോപ്പിംഗിനെത്തിയപ്പോള്‍ ഷോപ്പിംഗ് മാളില്‍ ഭാര്യയെ കണ്ട് ഭര്‍ത്താവ് മുങ്ങിയതിന് പിന്നാലെ യുവതികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയിലെ സിവില്‍ ലൈന്‍സ് റോഡിലുള്ള ഒരു ഷോപ്പിംഗ് മാളിലാണ് രണ്ട് സ്ത്രീകള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഷോപ്പിംഗ് മാളിലെ ജീവനക്കാര്‍ സ്ത്രീകളെ പിടിച്ച് മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ പോലീസെത്തിയാണ് ഇരുവരെയും പിടിച്ച് മാറ്റിയതെന്നാണ് വിവരം. ഇരുവരുടെയും തര്‍ക്കത്തിന്റെ കാരണം തേടിയപ്പോള്‍ ഞെട്ടിയത് പോലീസും മാളിലെ ജീവനക്കാരുമാണ്.

കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് റോബര്‍ട്ട്‌സ്ഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഭര്‍ത്താവ് കാമുകിയുമായി വാലന്റൈന്‍സ് ഡേ ഷോപ്പിംഗിനെത്തിയതായിരുന്നു. ഇതിനിടെ അവിടെ ഭാര്യ മകനുമായെത്തി. ഭര്‍ത്താവിന്റെ കൂടെ മറ്റൊരു സ്ത്രീയെ കണ്ടതും ഭാര്യ ചോദ്യം ചെയ്യാനാരംഭിച്ചു. കാമുകിയും ഭാര്യയും തമ്മിലുള്ള തര്‍ക്കം മുറുകിയപ്പോള്‍ ഭര്‍ത്താവ് പതുക്കെ സ്ഥലം വിട്ടു. പിന്നാലെ ഭാര്യയും കാമുകിയും തമ്മില്‍ ശാരീരിക അക്രമണം തുടങ്ങി.

ഇരുവരും പരസ്പരം മുടി പിടിച്ച് വലിക്കുന്നതും കടിക്കുന്നതും തല്ലുന്നതും വീഡിയോയില്‍ കാണാം. ഇതിടെ മകന്‍ കാമുകയെ തല്ലുന്നതും അമ്മയെ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തര്‍ക്കം ഇരുവരും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോള്‍ മാളിലുണ്ടായിരുന്നവരാണ് സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയതും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതും. ഏതാണ്ട് 15 മിനിറ്റോളം സങ്കര്‍ഷം നീണ്ട് നിന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സംഭവത്തില്‍ ഭാര്യ, ഭര്‍ത്താവിനൊപ്പം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെന്ന് റോബര്‍ട്ട്‌സ്ഗഞ്ച് കോട്വാലി ഇന്‍ചാര്‍ജ് ഇന്‍സ്‌പെക്ടര്‍ രാംസ്വരൂപ് വര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. ഭര്‍ത്താവ് മറ്റൊരു സ്ത്രീക്ക് അമിത ശ്രദ്ധ നല്‍കുന്നുവെന്ന് ഇവര്‍ പരാതിയില്‍ ആരോപിച്ചു. ഇരുഭാഗവും കേട്ട പോലീസ് ദമ്പതികളെ ഉപദേശിക്കുകയും ഭര്‍ത്താവിന് മുന്നറിയിപ്പ് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സംഭവത്തില്‍ കേസെടുത്തിട്ടില്ല. വീഡിയോ വൈറലായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന തകര്‍ച്ചയെ കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു.