- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയ്യുടെ സേലത്തെ റാലിക്കിടെ ഹൃദയാഘാതം വന്ന് ഒരാള്‍ മരിച്ചു; 'ശവപ്പെട്ടിയുമായി വരണ'മെന്ന് എ.ഐ.എ.ഡി.എം.കെ

സേലം: തമിഴ്നാട് രാഷ്ട്രീയത്തില്‍ നടന്‍ വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ) സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ മരണത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം. സേലത്ത് വെള്ളിയാഴ്ച നടന്ന റാലിക്കിടെ മഹാരാഷ്ട്ര സ്വദേശിയായ സൂരജ് (37) എന്നയാളാണ് ഹൃദയാഘാതം മൂലം മരിച്ചത്. സംഭവത്തിന് പിന്നാലെ വിജയ്യുടെ പാര്‍ട്ടിയെ രൂക്ഷമായി പരിഹസിച്ച് എ.ഐ.എ.ഡി.എം.കെ രംഗത്തെത്തിയതോടെ പ്രതിഷേധം കനക്കുകയാണ്.
മഹാരാഷ്ട്ര സ്വദേശിയായ സൂരജ് കൂലി തൊഴിലാളിയായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇയാള്‍ക്ക് സ്റ്റെന്റ് ഘടിപ്പിച്ചിരുന്നു. വെള്ളിയാഴ്ച സേലത്ത് നടന്ന ടി.വി.കെ രാഷ്ട്രീയ യോഗത്തില്‍ എത്തിയതായിരുന്നു സൂരജ്. പരിപാടിക്കിടെ പെട്ടെന്ന് കുഴഞ്ഞുവീണ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും ഒരു കുട്ടിയുമുള്‍പ്പെടുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു ഇയാള്‍.
എ.ഐ.എ.ഡി.എം.കെ വക്താവ് കോവൈ സത്യന്‍ തന്റെ എക്‌സ് (ട്വിറ്റര്‍) ഹാന്‍ഡിലിലൂടെയാണ് വിജയ്യെ ലക്ഷ്യം വെച്ചത്. ഇനി മുതല്‍ ടി.വി.കെയുടെ റാലികളില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ കൈയില്‍ ഓരോ ശവപ്പെട്ടി കൂടി കരുതുന്നത് നല്ലതായിരിക്കും എന്നായിരുന്നു കോവൈ സത്യന്റെ പരിഹാസം. കഴിഞ്ഞ സെപ്റ്റംബറില്‍ വിജയ്യുടെ റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 40 പേര്‍ മരിച്ച സംഭവം കൂടി ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം.
മുമ്പ് നടന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍, സേലത്തെ റാലിയില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍, കനത്ത പൊലീസ് കാവല്‍, പരിശോധനകള്‍ എന്നിവ ഉണ്ടായിരുന്നുവെങ്കിലും ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടത് പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. നേരത്തെ നടന്ന ദുരന്തത്തില്‍ നിലവില്‍ സി.ബി.ഐ അന്വേഷണം നടന്നുവരികയാണ്.


