- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശ നാണ്യ വിനിമയ ചട്ടലംഘന കേസ്: അമരീന്ദര്‍ സിംഗിന് സമന്‍സ് അയച്ച ഇഡി ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

ചണ്ഡിഗഡ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനും മകന്‍ രനീന്ദര്‍ സിംഗിനും സമന്‍സ് അയച്ച ഇഡി ഉദ്യേഗസ്ഥന് സ്ഥലം മാറ്റം. ജലന്ധറില്‍ നിന്ന് ചെന്നൈയിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇഡി അഡീഷ്ണല്‍ ഡയറക്ടര്‍ രവി തിവാരിയെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. വിദേശ നാണ്യ വിനിമയ ചട്ടലംഘന കേസിലാണ് അമരീന്ദര്‍ സിംഗിനും മകനും നോട്ടീസ് അയച്ചത്.
രനീന്ദര്‍ സിംഗിനോട് ഫെബ്രുവരി 12 നും അമരീന്ദറിനോട് ഫെബ്രുവരി 13 നുമാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്. അമരീന്ദര്‍ മുട്ട് ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിലായതിനാല്‍ ഇരുവരും ഹാജരായിരുന്നില്ല. ആദായനികുതി വകുപ്പിന്റെ പക്കലുള്ള രേഖകള്‍ പരിശോധിക്കാന്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഇ.ഡിക്ക് അനുമതി നല്‍കിയതിന് പിന്നാലെയാണ് പുതിയ സമന്‍സ് അയച്ചത്.
സ്വിറ്റ്‌സര്‍ലന്‍ഡിലെ എച്ച്എസ്ബിസി ബാങ്ക് അക്കൗണ്ടുകള്‍, ജാക്കരണ്ട ട്രസ്റ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിദേശ ആസ്തികള്‍ വെളിപ്പെടുത്തിയില്ലെന്നാരോപിച്ചാണ് 2016 മുതല്‍ ഇവര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. അമരീന്ദര്‍ സിംഗിനും മകനുമെതിരെയുള്ള ഇഡി നോട്ടീസ് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴി വച്ചിരുന്നു. ഇരുവരും കോണ്‍ഗ്രസിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നു എന്ന രീതിയിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.
അമരീന്ദര്‍ മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഹൈക്കമാന്‍ഡ് അത് പരിഗണിക്കുമെന്ന് നേതാവ് ഭൂപേഷ് ഭാഗേല്‍ പറഞ്ഞിരുന്നു. എന്നാല്‍, തങ്ങള്‍ ബിജെപിയില്‍ തന്നെ തുടരുമെന്ന് അമരീന്ദറിന്റെ മകള്‍ ജയ് ഇന്ദര്‍ കൗര്‍ പറഞ്ഞു. അതിന് പിന്നാലെയാണ് സമന്‍സ് അയച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരിക്കുന്നത്. ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അമരീന്ദറിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ പര്‍ഗത് സിംഗ് ആരോപിച്ചു. 2021-ല്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കപ്പെട്ടതിനെത്തുടര്‍ന്നാണ് അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിട്ട് 2022-ല്‍ ബിജെപിയില്‍ ചേര്‍ന്നത്.


