മീററ്റ്: ഹിന്ദു സംഘടനയുടെ ഭീഷണിയെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ നടക്കാനിരുന്ന മിശ്രവിവാഹം മാറ്റിവച്ചു. 'ലവ് ജിഹാദ്' ആരോപണമുയര്‍ത്തി അഖില്‍ ഭാരതീയ ഹിന്ദു സുരക്ഷാ സംഘടന്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് മീററ്റിലെ റിസോര്‍ട്ടല്‍ നടക്കാനിരുന്ന വിവാഹം മാറ്റിവെച്ചത്. വിവാഹം നടത്തുന്നതിനെതിരെ ഹിന്ദു സംഘടന രംഗത്ത് എത്തിയതോടെ റിസോര്‍ട്ട് അധികൃതര്‍ ബുക്കിങ് റദ്ദാക്കി. സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസും ഇടപെട്ടു.

വിവാഹ കത്തില്‍ വരന്റെ യഥാര്‍ഥ പേര് മറച്ചുവച്ചുവെന്നാണ് സംഘടന പറഞ്ഞത്. ഷഹ്വേസ് എന്ന യുവാവിന്റെ പേര് സഹില്‍ എന്ന് കത്തില്‍ അച്ചടിച്ചത് മതം ഒളിപ്പിക്കാനാണെന്ന് സംഘടന പറയുന്നു. എന്നാല്‍, താന്‍ ഹിന്ദുവല്ലെന്നും ബുദ്ധമത വിശ്വാസിയാണെന്നും ആറ് വര്‍ഷമായി അറിയുന്ന യുവാവുമായി വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നിശ്ചയിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു. സഹില്‍ എന്നത് വിളിപ്പേരാണ്. സ്വത്തുതര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ തന്റെ അമ്മാവന്‍ ആണ് മതപരിവര്‍ത്തനം ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയതെന്നും പെണ്‍കുട്ടി വ്യക്തമാക്കി.