മുംബൈ: മുംബൈ-സോലാപൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസില്‍ പാമ്പിനെ ഇട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ നിന്നുള്ള ജഗന്‍ അര്‍ജുന്‍ ഭാലെ (37) എന്നയാളെയാണ് താനെയിലെ മുമ്പ്രയില്‍ നിന്ന് ആര്‍പിഎഫ് പിടികൂടിയത്.

കഴിഞ്ഞ ഡിസംബര്‍ 27-നായിരുന്നു കേസിനാസ്പദമായ സംഭവം. വന്ദേഭാരത് എക്‌സ്പ്രസിലെ ശുചിമുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് യാത്രക്കാര്‍ക്കിടയില്‍ വലിയ പരിഭ്രാന്തി ഉണ്ടാവുകയും റെയില്‍വേ ഉദ്യോഗസ്ഥര്‍ ശുചിമുറി ഉടന്‍ അടച്ചുപൂട്ടി കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയുമായിരുന്നു. പിന്നീട് സോലാപൂര്‍ സ്റ്റേഷനില്‍ വെച്ചാണ് പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തത്.

റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ സിസിടിവി പരിശോധനയിലാണ് പാമ്പിനെ ഒരാള്‍ ശുചിമുറിയില്‍ കൊണ്ടുവയ്ക്കുന്നതാണെന്ന് കണ്ടെത്തിയത്. ഏകദേശം 50 ദിവസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ആര്‍പിഎഫ് സംഘം പിടികൂടിയത്. റെയില്‍വേ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി അധികൃതര്‍ അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ സിസിടിവി ദൃശ്യങ്ങളും പോലീസിന് സഹായകമായി. കല്യാണിലെ റെയില്‍വേ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിന്നാലുദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താനായി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.