ലക്‌നൗ: ഉത്തര്‍പ്രദേശിലെ സ്വകാര്യ സ്‌കാനിങ് സെന്ററില്‍ എംആര്‍ഐ സ്‌കാനിങ്ങിനിടെ ആറ് വയസ്സുകാരന് ദാരുണാന്ത്യം. ഗ്രേറ്റര്‍ നോയിഡയിലെ സ്‌കാനിങ് സെന്ററില്‍ വ്യാഴാഴ്ച വൈകിട്ടാണ് എംആര്‍ഐ സ്‌കാനിങ്ങിനെത്തിയ ആറു വയസ്സുകാരന്‍ മരിച്ചത്. സ്‌കാനിങ്ങിനു മുന്‍പ് കുട്ടിക്ക് കുത്തിവയ്പ് എടുത്തെന്നും ഇതില്‍ മരുന്നിന്റെ അളവ് കൂടിയതാണ് മരണകാരണമെന്നും കുടുംബം ആരോപിച്ചു. ബോധരഹിതനായ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജീവനക്കാരുടെ അശ്രദ്ധമൂലമാണ് മരണം സംഭവിച്ചതെന്ന് കുടുംബം ആരോപിച്ചു.

ദുംഗര്‍പുര്‍ ഗ്രാമത്തില്‍ താമസിക്കുന്ന കുടുംബം എംആര്‍ഐ സ്‌കാന്‍ ചെയ്യുന്നതിനുവേണ്ടിയാണ് കുട്ടിയുമായി ഗ്രേറ്റര്‍ നോയിഡയിലെ സ്‌കാനിങ് സെന്ററില്‍ എത്തിയത്. സ്‌കാനിങ്ങിനു മുന്‍പായി കുട്ടിക്ക് മയങ്ങാനായി കുത്തിവയ്പ് എടുത്തതായി പിതാവ് വിക്കി പറയുന്നു. തുടര്‍ന്നു രണ്ടാമതും മരുന്ന് കുത്തിവയ്‌ച്ചെന്നും ഇതാണ് മകന്റെ ജീവനെടുത്തതെന്നുമാണ് പിതാവ് ആരോപിക്കുന്നത്. തുടര്‍ന്ന് ഗ്രാമവാസികള്‍ സ്‌കാനിങ് സെന്ററിനു മുന്നില്‍ തടിച്ചുകൂടി പ്രതിഷേധിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് സ്‌കാനിങ് സെന്റര്‍ പൂട്ടി.