മുംബൈ: വിഡിയോ കോളില്‍ ഉച്ചത്തില്‍ സംസാരിച്ചതിന് 39കാരനായ യുവാവിനെ സുഹൃത്ത് ദാരുണമായി കൊലപ്പെടുത്തി. ദിവസക്കൂലിക്കാരനായ വിപുല്‍ കംറോത്തി കര്‍മാകര്‍ (39) ആണ് കൊല്ലപ്പെട്ടത്. വീഡിയോ കോളില്‍ ഉച്ചത്തില്‍ സംസാരിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ദക്ഷിണ മുംബൈയിലാണ് സംഭവം. വിപുലിനെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തായ ഇബ്രാഹിം കാലു ഷെയ്ഖിനെ (19) പോലിസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട വിപുല്‍ ഒരു പെണ്‍കുട്ടിയുമായി വിഡിയോ കോളില്‍ ഉച്ചത്തില്‍ സംസാരിച്ചതാണ് ഇബ്രാഹിം കാലു ഷെയ്ഖിനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമാവുകയും കൊലപാതകത്തില്‍ കലാശിക്കുകയും ആയിരുന്നു. ഷെയ്ഖിനെ അറസ്റ്റ് ചെയ്തതായും കൊലപാതകത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

'ഇരുവരും മസ്ജിദ് ബന്ദറിലെ ക്ലൈവ് റോഡിലുള്ള ഒരു ക്ഷേത്രത്തിന് സമീപമുള്ള ചേരിയിലാണ് താമസിക്കുന്നത്. ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കര്‍മാകറിന്റെ തല പലതവണ നടപ്പാതയില്‍ ഇടിപ്പിച്ച ഷെയ്ഖ്, തുടര്‍ന്ന് സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു. കര്‍മാകറെ ഉടന്‍ ജെ.ജെ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു' പൊലീസ് പറഞ്ഞു.