- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയില്‍; ഭാര്യയെ നടുറോഡില്‍ വെടിവച്ചു വീഴ്ത്തി ഭര്‍ത്താവ്; ക്രൂരതയ്ക്ക് ഇരയായത് രണ്ട് കുരുന്നുകളുടെ അമ്മ

ഫരീദാബാദ്: പിരിഞ്ഞു താമസിക്കുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് നടുറോഡില്‍ വെടിവച്ചു കൊലപ്പെടുത്തി. ബിഹാര്‍ സ്വദേശിനിയായ 30-കാരി സംഗീത ദേവിയാണ് കൊല്ലപ്പെട്ടത്. ഫരീദാബാദില്‍ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
ഭര്‍ത്താവുമായും ഭര്‍തൃവീട്ടുകാരുമായും അകന്നു കഴിയുകയായിരുന്ന സംഗീതയും രണ്ട് മക്കളും കുറച്ചുനാളായി തനിച്ചായിരുന്നു താമസം. ഇവരുടെ വിവാഹമോചനക്കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. വെള്ളിയാഴ്ച രാത്രി ഭര്‍ത്താവും ബന്ധുക്കളും സംഗീതയുടെ വീട്ടിലെത്തിയെങ്കിലും അവര്‍ സ്ഥലത്തുണ്ടായിരുന്നില്ല.
എന്നാല്‍ ഇവര്‍ മടങ്ങിപ്പോകുന്നതിനിടെ റോഡിലൂടെ നടന്നു വരികയായിരുന്ന സംഗീതയെ കാണുകയും തടഞ്ഞുനിര്‍ത്തുകയുമായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കം രൂക്ഷമായതോടെ ഭര്‍ത്താവ് കൈവശമുണ്ടായിരുന്ന തോക്കെടുത്ത് സംഗീതയ്ക്ക് നേരെ മൂന്ന് തവണ വെടിയുതിര്‍ത്തു.
രണ്ട് വെടിയുണ്ടകള്‍ ശരീരത്തില്‍ തറച്ച സംഗീത സംഭവസ്ഥലത്ത് തന്നെ വീണു. വെടിയൊച്ച കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ പ്രതികള്‍ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ സംഗീതയെ പിതാവും അയല്‍ക്കാരും ചേര്‍ന്ന് ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്ത പൊലീസ്, ബിഹാര്‍ സ്വദേശിയായ പ്രതിയെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചു.


