- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റീല്‍സ് ചിത്രീകരണത്തിനിടെ യുവതി അഴുക്കുചാലില്‍ വീണു; 22-കാരിയെ സാഹസികമായി രക്ഷിച്ച് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ആഴമേറിയ അഴുക്കുചാലില്‍ വീണ യുവതിയെ സാഹസികമായി ഡല്‍ഹി പോലീസ് രക്ഷപ്പെടുത്തി. ഡല്‍ഹി നജഫ്ഗഡില്‍ സോഷ്യല്‍മീഡിയ റീല്‍സ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. വിഡിയോ പകര്‍ത്തുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി വീണ 22-കാരിയെ ഡല്‍ഹി പൊലീസിന്റെ പട്രോളിംഗ് സംഘമാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
അഴുക്കുചാലില്‍ വീണ യുവതി രക്ഷയ്ക്കായി നിലവിളിക്കുന്നത് കേട്ടാണ് പട്രോളിംഗ് നടത്തിയിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. ചളി നിറഞ്ഞ വെള്ളത്തില്‍ നിന്ന് യുവതിയെ കരയ്‌ക്കെത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ കയര്‍ താഴ്ത്തി നല്‍കി. കയറില്‍ പിടിച്ച് മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ യുവതി പലതവണ ബാലന്‍സ് തെറ്റി വീണ്ടും മലിനജലത്തിലേക്ക് വീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒടുവില്‍ അതീവ ജാഗ്രതയോടെയാണ് പൊലീസ് അവരെ സുരക്ഷിതമായി പുറത്തെടുത്തത്.
അപകടകരമായ രീതിയില്‍ റീല്‍സ് ചിത്രീകരിക്കാനല്ല താന്‍ ശ്രമിച്ചതെന്ന് രക്ഷപ്പെട്ട ശേഷം യുവതി പ്രതികരിച്ചു. പ്രദേശത്തെ അഴുക്കുചാലുകള്‍ മാലിന്യം നിറഞ്ഞ് അടഞ്ഞുപോകുന്നതിനെക്കുറിച്ചും അത് ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ചും ബോധവല്‍ക്കരണം നടത്താനാണ് വിഡിയോ എടുത്തതെന്ന് അവര്‍ വ്യക്തമാക്കി. പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേര്‍ അഭിനന്ദിക്കുമ്പോഴും, ഇത്തരം സ്ഥലങ്ങളില്‍ വിഡിയോ ചിത്രീകരിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷയെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ക്കും ഈ സംഭവം വഴിവെച്ചിട്ടുണ്ട്.


