ബെംഗളൂരു: ഭാര്യയ്ക്ക് രഹസ്യ കാമുകനുണ്ടെന്ന് സംശയം തോന്നിയ ഭര്‍ത്താവ് 21-കാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ബെംഗളൂരു കഗ്ഗലിപുര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കുല്ലെഗൗഡനപാളയയില്‍ ശനിയാഴ്ചയാണ് സംഭവം. സിഞ്ചനയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭര്‍ത്താവ് രേണുകയ്യ ഒളിവിലാണ്.

സിഞ്ചനയ്ക്ക് മറ്റൊരു പുരുഷനായി ബന്ധമുണ്ടായിരുന്നുവെന്നാണ് രേണുകയ്യയുടെ സംശയം. വെള്ളിയാഴ്ച രാത്രി മദ്യപിച്ചെത്തിയ ഇയാള്‍ സിഞ്ചനയുമായി തര്‍ക്കത്തിലായി. വഴക്ക് രൂക്ഷമായതോടെ പ്രകോപിതനായ രേണുകയ്യ, വീടിന് മുന്നിലുണ്ടായിരുന്ന വലിയ കല്ലെടുത്ത് സിഞ്ചനയുടെ തലയില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കൊലപാതകത്തിന് ശേഷം പ്രതി സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. കൊലപാതകത്തിന് കേസെടുത്ത പൊലീസ്, ഒളിവില്‍ പോയ രേണുകയ്യയെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി.