ഫരീദാബാദ്: ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന്, ഒമ്പതാം നിലയില്‍ വീണ സാരിയെടുക്കാന്‍ അമ്മ മകനെ ബെഡ്ഷീറ്റില്‍ കെട്ടിയിറക്കി. ഈ അപകടകരമായ പ്രവൃത്തിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ, കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കിയ സ്ത്രീക്കെതിരെ രൂക്ഷ വിമര്‍ശനം. ഫരീദാബാദില്‍ നിന്നാണ് ഈ അസ്വസ്ഥകരമായ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഒമ്പതാം നിലയിലെ പൂട്ടിയിട്ട ഫ്‌ലാറ്റില്‍ നിന്ന് സാരി എടുക്കാന്‍ ഒരു സ്ത്രീ തന്റെ ഇളയ മകനെ പത്താം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് ബെഡ്ഷീറ്റ് ഉപയോഗിച്ച് താഴേക്ക് ഇറക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഫരീദാബാദിലെ സെക്ടര്‍ 82 ലാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. പത്താം നിലയില്‍ നിന്നും കുട്ടിയെ ബെഡ്ഷീട്ടില്‍ കെട്ടിയിറക്കുകയും വലിച്ച് കയറ്റുകയും ചെയ്യുന്ന വീഡിയോ തൊട്ടടുത്ത ഫ്‌ലാറ്റില്‍ നിന്നാണ് പകര്‍ത്തിയത്. സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ ഒരു കുട്ടി ഒമ്പാം നിലയുടെ ബാല്‍ക്കെണിയില്‍ നിന്നും ഒരു കുട്ടി ബെഡ്ഷീട്ടില്‍ മുറുക്കെ പിടിച്ചിരിക്കുമ്പോള്‍ പത്താം നിലയില്‍ നിന്നും പ്രായമായ ഒരു സ്ത്രീയും കുട്ടിയുടെ അമ്മയുടെ ബെഡ്ഷീറ്റ് മുകളിലേക്ക് വലിച്ച് കയറ്റാന്‍ ശ്രമിക്കുന്നതും കാണാം. ഈ സമയം അവരുടെ അടുത്തായി മറ്റ് രണ്ട് കുട്ടികള്‍ നില്‍ക്കുന്നതും കാണാം. കുട്ടിയെ അപകടകരമായ രീതിയില്‍ രണ്ട് സ്ത്രീകളും ചേര്‍ന്ന് വലിച്ച് കയറ്റുന്നു. ഈ സമയം എട്ടാം നിലയില്‍ മറ്റൊരു സ്ത്രീ ഇതൊന്നും അറിയാതെ തന്റെ ജോലികളില്‍ മുഴുകിയിരിക്കുന്നതും വീഡിയോയില്‍ കാണാം.

സാരിയോ കുട്ടിയോ വലുത്?

ഒരു സാരിയെടുക്കാന്‍ വേണ്ടി സ്വന്തം കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കിയ സ്ത്രീക്കെതിരെ നിയമ നടപടി എടുക്കണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ കുറിച്ചു. മകന്റെ ജീവനേക്കാള്‍ വലുതാണോ സ്ത്രീയ്ക്ക് സാരിയെന്നായിരുന്നു നിരവധി പേര്‍ ചോദിച്ചത്. വീഡിയോ കണ്ട പലരും അസ്വസ്ഥകരമായ കാഴ്ചയാണതെന്ന് ചൂണ്ടിക്കാണിച്ചു. പ്രത്യേകിച്ചും ഫ്‌ലാറ്റിന്റെ ഉയരം കാണിക്കുമ്പോള്‍ ഭയം തോന്നുന്നെന്ന് ചിലരെഴുതി.