ഭാവ്നഗര്‍: കൃഷിയിടത്തിലെ വിളകള്‍ക്കൊപ്പം കഞ്ചാവും കറുപ്പ് ചെടികളും (ഓപ്പിയം) വളര്‍ത്തി വിറ്റിരുന്ന സഹോദരങ്ങളെ പൊലീസ് പിടികൂടി. 10.92 കോടി രൂപ വിലമതിക്കുന്ന 1100 കിലോഗ്രാം കഞ്ചാവും കറുപ്പുമാണ് പൊലീസ് കണ്ടെത്തിയത്. ഇരുവരുടേയും കൃഷിയിടത്തില്‍ പോലിസ് രാത്രി നടത്തിയ റെയ്ഡിലാണ് വന്‍ ലഹരി മരുന്ന് ശേഖറം കണ്ടെത്തിയത്. ഗുജറാത്തിലെ ഭാവ്നഗര്‍ ജില്ലയിലാണ് സംഭവം.

സഹോദരങ്ങളായ ഇരുവര്‍ക്കും ലഹരി മരുന്ന് വില്‍പ്പനയുള്ളതായി പോലിസിന് വിവരം ലഭിച്ചിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ സ്വന്തം കൃഷിയിടത്തില്‍ തന്നെയാണ് ഇവര്‍ ഇത് ഉത്പാദിപ്പിക്കുന്നതെന്നും പോലിസിന് മനസ്സിലായി. തുടര്‍ന്നായിരുന്നു റെയ്ഡ്. സഖവാദര്‍ ഗ്രാമ അതിര്‍ത്തിയിലെ കാരക്കോലിയ റോഡിന് സമീപം സ്ഥിതി ചെയ്യുന്ന 'മാര്‍ബി ധോരാവലി' എന്നറിയപ്പെടുന്ന കൃഷിയിടത്തില്‍ രാത്രിയാണ് പൊലീസ് റെയ്ഡ് നടത്തിയത്. കൃഷിയുടെ മറവില്‍ കഞ്ചാവും കറുപ്പ് ചെടികളും തഴച്ചുവളരുന്ന വിദൂരമായ പാടം അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

സംഭവത്തില്‍ തോട്ടത്തിന്റെ ഉടമകളായ ബോഗ ചൗഹാന്‍, സഞ്ജയ് ചൗഹാന്‍ എന്നിവരെ സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തു. സഹോദരന്മാരയ ഇവരുടെ ലഹരി വില്പനയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്. സിഹോര്‍ പോലീസ് സ്റ്റേഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റെയ്ഡാണിത്. പൊലീസ് ഇന്‍സ്പെക്ടര്‍ ബി. ഡി ജഡേജയുടെ തന്ത്രപരമായ ആസൂത്രണത്തിനു കീഴിലാണ് ഈ ഓപ്പറേഷന്‍ നടത്തിയത്.