ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ സെക്‌സ് റാക്കറ്റ് നടത്തിപ്പോന്ന രണ്ടു സഹോദരിമാരെ പോലിസ് അറസ്റ്റ് ചെയ്തു. അമ്രീന്‍, ആഫ്രീന്‍ എന്നീ സഹോദരിമാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് യുവതികളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയും ലൈംഗികചൂഷണത്തിനിരയാകുകയും ചെയ്‌തെന്ന കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളെ തൊഴില്‍ വാഗ്ദാനം ചെയ്ത് എത്തിച്ച ശേഷം ആഡംബര പാര്‍ട്ടികളിലും പബ്ബുകളിലും എത്തിച്ച് വില്‍ക്കുന്നതായിരുന്നു ഇവരുടെ രീതി.

ഇവരുടെ സഹായിയായിരുന്ന ചന്ദന്‍ യാദവ് എന്ന യുവാവിനെ അറസ്റ്റ് ചെയ്യുകയും കേസില്‍ ഉള്‍പ്പെട്ട ബിലാല്‍, ചന്നു, യാസിര്‍ എന്നിവര്‍ക്കായി പോലിസ് തിരച്ചില്‍ തുടരുകയുമാണ്. തട്ടിപ്പിനിരയായ രണ്ടു യുവതികളുടെ പരാതിയിലാണ് നടപടി. മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികളെ ലക്ഷ്യമിട്ടാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. പ്രതിമാസം 10,000 രൂപ ശമ്പളം, താമസം, ഭക്ഷണം എന്നിങ്ങനെ ജോലികള്‍ വാഗ്ദാനം ചെയ്താണ് ഇവര്‍ പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തിയിരുന്നത്.

പിന്നീട് ഇവരെ പാര്‍ട്ടികളിലും പമ്പുകളിലും എത്തിക്കുകയും സമ്പന്ന പുരുഷന്മാരുമായി ഇടപഴകാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. യുവതികള്‍ക്ക് ലഹരി മരുന്നു നല്‍കിയിരുന്നതായും എഫ്‌ഐആറില്‍ പറയുന്നു. പരാതിക്കാരില്‍ ഒരാള്‍ ഛത്തീസ്ഗഡിലെ മുംഗേലി ജില്ലയില്‍ ബ്യൂട്ടീഷ്യനായ ജോലി ചെയ്യുകയാണ്. 2025 ഡിസംബറില്‍ ജോലിക്കെന്ന വ്യാജേന ഇവരെ അഹമ്മദാബാദിലേക്ക് കൊണ്ടുപോയി, അമ്രീന്റെ ബന്ധുവായ യാസിര്‍ ബലാത്സംഗം ചെയ്തതായി പരാതിയില്‍ പറയുന്നു. അമ്രീന്റെ വീട്ടില്‍ ജോലിചെയ്യുകയായിരുന്ന രണ്ടാം പരാതിക്കാരിയെ ചന്ദന്‍ യാദവ് എന്ന യുവാവ് ബലാത്സംഗം ചെയ്തതായും പരാതിയില്‍ പറയുന്നു.

യുവതിയോട് മതം മാറാന്‍ ചന്ദന്‍ യാദവ് നിര്‍ബന്ധിച്ചതായും പരാതിയിലുണ്ട്. പ്രതികളുടെ ഫോണില്‍ നിന്ന് ഫോട്ടോകള്‍ അടക്കമുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചു. സംഘം അന്തര്‍സംസ്ഥാന ശൃഖലയുടെ ഭാഗമാണോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.