- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയബന്ധം തകരുന്നത് ആത്മഹത്യാ പ്രേരണയല്ല; യുവാവിന് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ണ്ണായക നിരീക്ഷണം

ന്യൂഡല്‍ഹി: പ്രണയബന്ധം തകരുന്നതോ പങ്കാളി ബന്ധം വേര്‍പെടുത്തുന്നതോ ആത്മഹത്യാ പ്രേരണാ കുറ്റമായി കാണാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. എട്ടു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ കാമുകന്‍ മറ്റൊരു വിവാഹം കഴിച്ചതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍, യുവാവിന് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. വ്യക്തിപരമായ വൈകാരിക തീരുമാനങ്ങളെ ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാവില്ലെന്ന് ജസ്റ്റിസ് അമിത് മഹാജന്‍ വ്യക്തമാക്കി.
2025 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവരായതിനാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് എട്ടു വര്‍ഷത്തെ പ്രണയം അവസാനിപ്പിക്കാന്‍ ഇരുവരും തീരുമാനിച്ചത്. ബന്ധം പിരിഞ്ഞതിന് പിന്നാലെ യുവാവ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. യുവാവിന്റെ വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസം മുന്‍ കാമുകി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതിനുപിന്നാലെ യുവതിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് യുവാവിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയത്.
യുവാവിനെ കുറ്റക്കാരനാക്കാന്‍ തക്ക തെളിവുകളില്ലെന്ന് നിരീക്ഷിച്ച കോടതി പ്രധാനമായും ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ഇവയാണ്: യുവതി മരിക്കുമ്പോള്‍ ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. മരിക്കുമ്പോള്‍ അവര്‍ ഏത് മാനസികാവസ്ഥയിലായിരുന്നു എന്ന് വ്യക്തമല്ല. എട്ടു വര്‍ഷത്തെ ബന്ധത്തിനിടയില്‍ യുവാവിനെതിരെ യുവതി ഒരിക്കല്‍ പോലും പരാതി നല്‍കിയിട്ടില്ല. അവരുടെ ഡയറിയില്‍ പോലും യുവാവിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹമാണ് പ്രകടിപ്പിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള ആശയവിനിമയം അവസാനിച്ച തീയതിയും ആത്മഹത്യ നടന്ന തീയതിയും തമ്മില്‍ ദിവസങ്ങളുടെ വ്യത്യാസമുണ്ട്. ഇത് ആത്മഹത്യയിലേക്ക് നയിച്ച പെട്ടെന്നുള്ള പ്രേരണയായി കാണാനാവില്ല.
25,000 രൂപയുടെ ബോണ്ടിലും സമാന തുകയുടെ ജാമ്യ വ്യവസ്ഥയിലുമാണ് കോടതി യുവാവിന് ജാമ്യം അനുവദിച്ചത്. മരിച്ചയാളുടെ കുടുംബത്തെയോ സാക്ഷികളെയോ ഒരു തരത്തിലും സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രണയനൈരാശ്യം മൂലം ഒരാള്‍ ആത്മഹത്യ ചെയ്താല്‍ അതിന് പങ്കാളിയെ ഉത്തരവാദിയാക്കാന്‍ നിയമപരമായി കഴിയില്ലെന്ന മുന്‍കാല വിധികള്‍ ശരിവെക്കുന്നതാണ് ഹൈക്കോടതിയുടെ ഈ പുതിയ ഉത്തരവും.


