- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഞായറാഴ്ച മാത്രം റദ്ദാക്കിയത് 444 അന്താരാഷ്ട്ര സര്‍വീസുകള്‍; വ്യോമപാതകളില്‍ നിയന്ത്രണം തുടരുന്നു

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടര്‍ന്ന് വ്യോമപാതകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഞായറാഴ്ച മാത്രം 444 അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കി. ഇറാനെതിരെയുള്ള ഇസ്രായേല്‍-അമേരിക്കന്‍ സൈനിക നീക്കങ്ങള്‍ക്ക് പിന്നാലെ വിമാന സര്‍വീസുകള്‍ താറുമാറായ സാഹചര്യത്തില്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ശനിയാഴ്ച രാത്രി വൈകിയും തുടരുന്ന അനിശ്ചിതത്വം കണക്കിലെടുത്താണ് ഞായറാഴ്ചത്തെ സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കാന്‍ തീരുമാനിച്ചത്.
ഇറാന്‍ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്ക് മുകളിലൂടെയുള്ള വ്യോമപാതയ്ക്ക് നിയന്ത്രണം വന്നതോടെ ഫെബ്രുവരി 28-ന് 410 സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മാര്‍ച്ച് ഒന്നിന് 444 വിമാനങ്ങള്‍ കൂടി റദ്ദാക്കുന്ന വിവരം മന്ത്രാലയം എക്സിലൂടെ അറിയിച്ചത്. യുദ്ധമേഖലയിലൂടെയുള്ള പറക്കല്‍ ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നതും ഇന്ധന ലഭ്യതയും വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ഏവിയേഷന്‍ റെഗുലേറ്ററായ ഡിജിസിഎ വിമാനക്കമ്പനികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.
ഗള്‍ഫ് മേഖലയിലേക്കും യൂറോപ്പിലേക്കുമുള്ള സര്‍വീസുകളെയാണ് ഈ നിയന്ത്രണം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ആയിരക്കണക്കിന് പ്രവാസി മലയാളികളടക്കമുള്ള യാത്രക്കാരാണ് ഇതോടെ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ടിക്കറ്റ് തുക തിരികെ നല്‍കുന്നതിനോ അല്ലെങ്കില്‍ പകരം സംവിധാനം ഒരുക്കുന്നതിനോ വിമാനക്കമ്പനികള്‍ക്ക് ഡിജിസിഎ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും സര്‍വീസുകളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്.


