ഡബ്ലിന്‍: ഡബ്ലിനില്‍ കാണാതായ മലയാളി ഐടി പ്രൊഫഷണല്‍ അശ്വതി രാജശേഖരന്റെ മൃതദേഹം ബ്രേ (Bray) തീരത്തുനിന്ന് കണ്ടെത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അശ്വതിയെ കണ്ടെത്താന്‍ അയര്‍ലന്‍ഡ് പോലീസും കോസ്റ്റ് ഗാര്‍ഡും വ്യാപകമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഡബ്ലിനിലെ ഗ്രാഫ്റ്റണ്‍ സ്ട്രീറ്റിലുള്ള ഹെയ്സ് കണ്‍സള്‍ട്ടന്‍സിയില്‍ ഐടി ഉദ്യോഗസ്ഥയായിരുന്നു അശ്വതി. ലുവാസ് (Luas) ട്രെയിന്‍ യാത്രയ്ക്ക് ശേഷം അശ്വതിയെ കാണാതായതിനെത്തുടര്‍ന്ന് സുഹൃത്തുക്കളാണ് പോലീസില്‍ പരാതി നല്‍കിയത്.

തിരച്ചിലിനിടെ ഡാല്‍ക്കി (Dalkey) ബീച്ചിന് സമീപത്തുനിന്ന് അശ്വതിയുടെ ലാപ്‌ടോപ്പും ബാഗും പോലീസ് കണ്ടെടുത്തിരുന്നു. ഞായറാഴ്ച രാവിലെ ബ്രേ മേഖലയില്‍ നിന്ന് ലഭിച്ച മൃതദേഹം സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തി തിരിച്ചറിയുകയായിരുന്നു. നിലവില്‍ മൃതദേഹം ലോക്ലിന്‍സ്റ്റൗണ്‍ (Loughlinstown) ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി സൂക്ഷിച്ചിരിക്കുകയാണ്.

ബെംഗളൂരുവില്‍ നിന്നുമാണ് അശ്വതി ജോലി ആവശ്യങ്ങള്‍ക്കായി അയര്‍ലന്‍ഡിലെത്തിയത്. ഡബ്ലിനിലെ ചെറിവുഡിലായിരുന്നു താമസിച്ചിരുന്നത്. ലെറ്റര്‍ക്കെന്നിയിലേക്ക് (Letterkenny) ജോലി സംബന്ധമായ സ്ഥലംമാറ്റം ലഭിച്ച് അവിടേക്ക് പോകാനിരിക്കെയാണ് അപ്രതീക്ഷിതമായ ഈ ദാരുണ സംഭവം ഉണ്ടായത്.

അശ്വതിയുടെ മരണത്തില്‍ ഗാര്‍ഡ (അയര്‍ലന്‍ഡ് പോലീസ്) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമാക്കുന്നതിനായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അധികൃതര്‍. ഇന്ത്യന്‍ എംബസിയും ഐറിഷ് മലയാളി സംഘടനകളും കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ രംഗത്തുണ്ട്. അശ്വതിയുടെ കുടുംബാംഗങ്ങളെ വിവരം അറിയിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്.