- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡല്‍ഹിയിലെ റിതാല ചേരിയില്‍ നൂറോളം കുടിലുകള്‍ക്ക് തീപിടിച്ചു; 17കാരിക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: റിതാല മേഖലയില്‍ നൂറോളം കുടിലുകള്‍ക്ക് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ 17കാരി മരിച്ചു. പുലര്‍ച്ചെ 4.15നാണ് തീപിടിത്തത്തെക്കുറിച്ച് അഗ്‌നിരക്ഷാസേനയ്ക്ക് വിവരം ലഭിച്ചത്. മരിച്ച പെണ്‍കുട്ടിയെ കാണാതായതായി ആദ്യമേ വിവരമുണ്ടായിരുന്നു. തീ നിയന്ത്രണവിധേയമാക്കിയ ശേഷം നടത്തിയ തെരച്ചിലിലാണ് പൊള്ളലേറ്റ് മരിച്ചനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ചേരിയില്‍ അടുത്തടുത്തായാണ് കുടിലുകള്‍ സ്ഥാപിച്ചിരുന്നത്. അതിനാല്‍ വളരെ വേഗം തീ പടരുകയായിരുന്നു. ബീഹാര്‍, ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. സമീപത്തുള്ള ഫാക്ടറികളിലും കെട്ടിട നിര്‍മാണ രംഗത്തും ചെറിയ കടകളിലുമായാണ് ഇവര്‍ ജോലി ചെയ്തിരുന്നത്.
ഡല്‍ഹി അഗ്‌നിരക്ഷാ സേനയുടെ 18 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി ആറരയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അഗ്‌നിരക്ഷാ സേനയ്ക്കൊപ്പം പൊലീസും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നു.കുടിലുകളില്‍ മാത്രമല്ല, സമീപത്തുള്ള പേപ്പര്‍ റോളിന്റെയും കാര്‍ഡ്ബോര്‍ഡിന്റെയും ഗോഡൗണിലേക്കും തീ പടര്‍ന്നു. പിന്നാലെ സമീപത്തെ ചില ഫ്‌ലാറ്റുകളുടെ വാതിലുകളിലേക്കും ജനാലകളിലേക്കും തീ വ്യാപിച്ചുവെന്നും അഗ്‌നിരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.


