ലഖ്നോ: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ഉത്തര്‍പ്രദേശിലെ പെണ്‍കുട്ടികള്‍ക്കായി വമ്പന്‍ സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ പെണ്‍കുട്ടികള്‍ക്ക് അവരുടെ ജനനം മുതല്‍ ബിരുദ പഠനം പൂര്‍ത്തിയാക്കുന്നത് വരെ ഘട്ടംഘട്ടമായി 25,000 രൂപയുടെ പാക്കേജ് സര്‍ക്കാര്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ലഖ്നോവില്‍ നടന്ന വനിത ദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി 'കന്യ സുമംഗല' യോജന പ്രകാരം ഗുണഭോക്താക്കളായ പെണ്‍കുട്ടികള്‍ക്കുള്ള ചെക്കുകള്‍ അദ്ദേഹം ചടങ്ങില്‍ വിതരണം ചെയ്തു. നിലവില്‍ ഉത്തര്‍പ്രദേശിലെ 27 ലക്ഷം പെണ്‍കുട്ടികള്‍ ഈ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.