അസംഗര്‍ഹ്: പിതാവിന്റെ ഏഴാം വിവാഹം തടയണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി മകന്‍. ഉത്തര്‍പ്രദേശിലെ അസംഗര്‍ഹ് ജില്ലയിലെ അത്രാലിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 55കാരനായ പിതാവിന്റെ വിവാഹം തടയണമെന്നാണ് മൂന്നാം ഭാര്യയിലെ മകന്‍ പോലിസില്‍ പരാതി നല്‍കിയത്. മുന്‍പ് ആറു വിവാഹം കഴിച്ച പിതാവ് കുടുംബത്തിന്റെ പക്കലുള്ള ബാക്കി ഭൂമി കൂടി വിറ്റ് വിവാഹം നടത്താനാണ് പിതാവിന്റെ നീക്കമെന്നും മകന്‍ ആരോപിച്ചു.

ഇതുവരെ ആറ് വിവാഹങ്ങള്‍ കഴിച്ച പിതാവ്, ഏറ്റവും ഒടുവില്‍ വിവാഹിതനായത് 2024ലാണെന്ന് പരാതിയില്‍ പറയുന്നു. ആറാം ഭാര്യ ഏതാനും ദിവസങ്ങള്‍ മാത്രം കൂടെ താമസിച്ച ശേഷം വസ്തുവകകള്‍ സ്വന്തം പേരിലാക്കാന്‍ സമ്മര്‍ദം ചെലുത്തി. എന്നാല്‍ പിതാവ് സമ്മതിക്കാതായതോടെ സ്വര്‍ണാഭരണങ്ങളുമായി അവര്‍ മടങ്ങിപ്പോവുകയുമായിരുന്നു. അതിനുശേഷമാണ് പിതാവ് ഏഴാം വിവാഹത്തിന് പെണ്ണിനെ തേടിയത്. പെണ്ണുറച്ച് വിവാഹത്തിനു തയ്യാറെടുപ്പുകള്‍ തുടങ്ങിയതോടെയാണ് വീട്ടുകാര്‍ കാര്യം അറിയുന്നത്.

വിവാഹം കഴിക്കുന്നതിനായി കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗമായ കൃഷിഭൂമി വില്‍ക്കാനാണ് തീരുമാനം. ഇതിനായി പിതാവ് മുന്‍കൂറായി 50,000 രൂപ കൈപ്പറ്റിയതായും മകന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വീടുവിട്ട് പുറത്തുപോയി ജോലി ചെയ്ത് പഠിക്കാന്‍ പിതാവ് തന്നെ നിര്‍ബന്ധിക്കാറുണ്ടെന്നും, പരീക്ഷ എഴുതാന്‍ നാട്ടിലെത്തിയപ്പോഴാണ് വിവാഹനീക്കം അറിഞ്ഞതെന്നും വിദ്യാര്‍ഥി പറഞ്ഞു. ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ കൃത്യമായ അന്വേഷണം നടത്തും. വസ്തുതകള്‍ പരിശോധിച്ച ശേഷം പിതാവിനെ കൗണ്‍സിലിങ്ങിന് വിധേയനാക്കാനാണ് തീരുമാനമെന്ന് അത്രാലിയ സ്റ്റേഷന്‍ എസ്.എച്ച്.ഒ അമിത് കുമാര്‍ മിശ്ര അറിയിച്ചു.