ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രജൗരി സെക്ടറില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം. രജൗരി സെക്ടറിലെ ജാംഗര്‍-നൗഷേര മേഖലയില്‍ നിയന്ത്രണരേഖ വഴി നടന്ന നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം പരാജയപ്പെടുത്തിയത്. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. കൊല്ലപ്പെട്ടത് പാകിസ്ഥാന്‍ ഭീകരനാണെന്ന് സൈന്യം അറിയിച്ചു.

ഭീകരരുടെ ഭാഗത്ത് നിന്ന് കശ്മീരിലേയ്ക്ക് നുഴഞ്ഞുകയറ്റത്തിനുള്ള ശ്രമമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെയാണ് നിയന്ത്രണരേഖയ്ക്ക് സമീപം രണ്ട് ഭീകരരുടെ നീക്കം സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ സൈന്യം തിരിച്ചടിക്കുകയും നുഴഞ്ഞുകയറ്റ ശ്രമം വിജയകരമായി തടയുകയും ചെയ്തു.

സൈന്യം വധിച്ച ഭീകരനെ കൂടാതെ ഇയള്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ടാമത്തെയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇതിനായി ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള ആകാശനിരീക്ഷണ സംവിധാനങ്ങളും കരസേനയുടെ പ്രത്യേക സംഘവും രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രജൗരി മേഖലയില്‍ സുരക്ഷാ സേന പരാജയപ്പെടുത്തുന്ന രണ്ടാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണിത്. തുടര്‍ച്ചയായി ഉണ്ടാകുന്ന നുഴഞ്ഞുകയറ്റ ശ്രമങ്ങളെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സൈന്യം അതീവ ജാഗ്രത തുടരുകയാണ്.