ലക്‌നൗ: മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ യുവതിക്ക് പുതുജീവന്‍. യുവതിയുടെ മൃതദേഹവുമായി സംസ്‌കാര ചടങ്ങുകള്‍ക്കായി വീട്ടിലേക്കുള്ള യാത്രയ്ക്കിടെ അവിശ്വസനീയമായി ജീവിതത്തിലേക്ക് മടങ്ങിവന്നത്. സംസ്‌കാരത്തിനായി ചിതയൊരുക്കി കരഞ്ഞുതളര്‍ന്നിരുന്ന നിമിഷത്തില്‍ വിനീതയുടെ ജീവന്‍ തിരിച്ചുകിട്ടിയതിന്റെ ആഹ്‌ളാദത്തിലാണ് കുടുംബം.

ബറേലി സ്വദേശിനിയായ വിനീത ശുക്ലയാണ് മരണത്തെ തോല്‍പ്പിച്ച് വിസ്മയകരമായ തിരിച്ചുവരവ് നടത്തിയത്. വീട്ടുജോലി ചെയ്യുന്നതിനിടെ ബോധരഹിതയായി വീണ വിനീതയെ ഉടന്‍ തന്നെ ബറേലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ പരിശോധനകള്‍ക്ക് ശേഷം വിനീതയ്ക്ക് മസ്തിഷ്‌ക മരണം (Brain Death) സംഭവിച്ചതായും ഇനി പ്രതീക്ഷയ്ക്ക് വകയില്ലെന്നും ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിച്ചു. ഇതോടെ തകര്‍ന്നുപോയ കുടുംബം വിനീതയുടെ മൃതദേഹവുമായി സംസ്‌കാര ചടങ്ങുകള്‍ക്കായി വീട്ടിലേക്ക് തിരിച്ചു.

ആംബുലന്‍സില്‍ മൃതദേഹവുമായി പോകുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ച ആ സംഭവം നടന്നത്. വഴിമധ്യേ ആംബുലന്‍സ് റോഡിലെ വലിയൊരു കുഴിയില്‍ വീണതോടെ ശരീരം ശക്തമായി ഉലഞ്ഞു. ഈ ആഘാതത്തിന് പിന്നാലെ വിനീത ശ്വസിക്കാന്‍ തുടങ്ങുകയും ശരീരം അനക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവ് ഉടന്‍ തന്നെ വീട്ടിലേക്ക് വിളിച്ച് സംസ്‌കാര ചടങ്ങുകള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. വിനീതയെ ഉടന്‍ തന്നെ പിലിഭിത്തിലെ ന്യൂറോസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വിദഗ്ധ ചികിത്സ ലഭ്യമാക്കിയതോടെ അവരുടെ ആരോഗ്യാവസ്ഥ വേഗത്തില്‍ മെച്ചപ്പെട്ടു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിനീത പൂര്‍ണ്ണ ആരോഗ്യവതിയായി വീട്ടിലേക്ക് മടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.