ധര്‍മശാല: ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയില്‍, തന്നെ ആക്രമിക്കാന്‍ ശ്രമിച്ച പുള്ളിപ്പുലിയെ കല്ലുകൊണ്ട് വിദ്യാര്‍ഥി അടിച്ചുകൊന്നു. ഐ.ടി.ഐ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ പ്രവേശ് ശര്‍മ്മയാണ് മരണമുഖത്തുനിന്നും അവിശ്വസനീയമാംവിധം രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ സോളനിലെ സാര്‍ലി ഗ്രാമത്തില്‍ പാല്‍ ശേഖരിക്കാന്‍ പോവുകയായിരുന്നു പ്രവേശ്. വീട്ടില്‍ നിന്ന് ഏതാനും മീറ്റര്‍ മാത്രം അകലെ വെച്ച് ഒരു പുള്ളിപ്പുലി പ്രവേശിന്റെ നേര്‍ക്ക് പാഞ്ഞടുക്കുകയായിരുന്നു. പ്രവേശിന്റെ കഴുത്തിന് നേരെയായിരുന്നു വന്യമൃഗത്തിന്റെ ലക്ഷ്യം.

മരണം മുന്നില്‍ കണ്ട നിമിഷം പ്രവേശ് പതറാതെ പുള്ളിപ്പുലിയുടെ താടിയെല്ലുകളില്‍ പിടിമുറുക്കി. കഴുത്തില്‍ കടിക്കാനുള്ള പുള്ളിപ്പുലിയുടെ ശ്രമത്തെ കൈകള്‍ കൊണ്ട് പ്രതിരോധിച്ച പ്രവേശ്, സഹായത്തിനായി ഉറക്കെ നിലവിളിച്ചു. പത്ത് മിനിറ്റോളം നീണ്ടുനിന്ന മല്‍പ്പിടുത്തത്തിനൊടുവില്‍, സമീപത്ത് കിടന്ന കല്ലുകള്‍ എടുത്ത് പുള്ളിപ്പുലിയുടെ താടിയെല്ലുകളിലും നഖങ്ങളിലും ആവര്‍ത്തിച്ച് അടിച്ചു. ഈ കടുത്ത പോരാട്ടത്തിനൊടുവില്‍ പുള്ളിപ്പുലി ചാവുകയായിരുന്നു.

ഏറ്റുമുട്ടലില്‍ പ്രവേശിന്റെ കൈകള്‍ക്കും തോളിലും മുഖത്തും കാലുകളിലും പുള്ളിപ്പുലിയുടെ നഖം കൊണ്ടും പല്ല് കൊണ്ടും സാരമായി പരിക്കേറ്റിട്ടുണ്ട്. നിലവില്‍ ആര്‍ക്കി ആശുപത്രിയില്‍ ചികിത്സയിലാണ് ഈ യുവാവ്. ആശുപത്രിയില്‍ പ്രവേശിനെ സന്ദര്‍ശിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ അസാമാന്യ ധൈര്യത്തെ പ്രശംസിക്കുകയും അടിയന്തര സഹായമായി 5,000 രൂപ കൈമാറുകയും ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പ്രദേശത്ത് പുള്ളിപ്പുലി ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നുണ്ട്. മാര്‍ച്ച് 6-നും സമാനമായ രീതിയില്‍ ഒരു മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരന് നേരെ ആക്രമണമുണ്ടായിരുന്നു.