- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധൈര്യപ്പൂർവം..പൈലറ്റുമാർ ദൗത്യത്തിലേക്ക്; പശ്ചിമേഷ്യൻ ആകാശത്ത് സർവീസുകൾ ശക്തിപ്പെടുത്തി എയർ ഇന്ത്യ ഗ്രൂപ്പ്; ഇന്ന് മാത്രം പറന്നത് 80 വിമാനങ്ങൾ; ആശ്വാസത്തിൽ യാത്രക്കാർ

ഡൽഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ വർദ്ധിച്ച തിരക്ക് കണക്കിലെടുത്ത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും സർവീസുകൾ വിപുലീകരിക്കുന്നു. ഇന്ന് (മാർച്ച് 14) മാത്രം ഈ മേഖലയിലേക്ക് ആകെ 80 വിമാന സർവീസുകൾ നടത്താനാണ് എയർ ഇന്ത്യ ഗ്രൂപ്പിന്റെ തീരുമാനം. പതിവ് സർവീസുകൾക്ക് പുറമെ തിരക്ക് കുറയ്ക്കുന്നതിനായി പ്രത്യേക അഡ്‌ഹോക്ക് സർവീസുകളും ഇതിൽ ഉൾപ്പെടുന്നു.
സൗദി അറേബ്യയിലെ ജിദ്ദ, ഒമാനിലെ മസ്‌കത്ത് എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും സർവീസുകൾ കേന്ദ്രീകരിച്ചിരിക്കുന്നത്.
ജിദ്ദ: എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് ഇന്ന് 10 സർവീസുകൾ നടത്തും. ഡൽഹിയിൽ നിന്ന് ഒന്നും മുംബൈയിൽ നിന്ന് രണ്ട് റൗണ്ട് ട്രിപ്പുകളും എയർ ഇന്ത്യ ഉറപ്പാക്കും. കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസും ജിദ്ദയിലേക്ക് പറക്കും.
മസ്‌കത്ത്: ഡൽഹി, കൊച്ചി, കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് എട്ട് റൗണ്ട് ട്രിപ്പ് സർവീസുകൾ നടത്തും.
യുഎഇയിലേക്കും സൗദിയിലേക്കുമായി 62 അധിക പ്രത്യേക സർവീസുകൾ കൂടി എയർ ഇന്ത്യ ഗ്രൂപ്പ് പദ്ധതിയിട്ടിട്ടുണ്ട്. ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിൽ നിന്ന് ദുബായ്, അബുദാബി, ഷാർജ, റാസ് അൽ ഖൈമ വിമാനത്താവളങ്ങളിലേക്കാണ് ഈ അധിക സർവീസുകൾ. അധികൃതരുടെ അനുമതിക്കും സ്ലോട്ട് ലഭ്യതയ്ക്കും അനുസരിച്ചായിരിക്കും ഈ വിമാനങ്ങൾ പ്രവർത്തിക്കുക. അതേസമയം, യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ റൂട്ടുകളിലെ സർവീസുകൾ പതിവ് പോലെ തുടരും.
ചില റൂട്ടുകളിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതിനാൽ പ്രയാസപ്പെടുന്ന യാത്രക്കാർക്കായി എയർ ഇന്ത്യ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചു. ടിക്കറ്റ് എടുത്തവർക്ക് അധിക തുക നൽകാതെ തന്നെ മറ്റൊരു തീയതിയിലേക്ക് യാത്ര മാറ്റാനോ അല്ലെങ്കിൽ ടിക്കറ്റ് തുക പൂർണ്ണമായും റീഫണ്ട് വാങ്ങാനോ സാധിക്കും. യാത്രാ മാറ്റങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കുമായി എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റോ 24 മണിക്കൂർ ഹെൽപ്‌ലൈനോ ഉപയോഗിക്കാവുന്നതാണ്.
മേഖലയിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചുകൊണ്ട് വരും ദിവസങ്ങളിലും കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്താനുള്ള സാധ്യതകൾ എയർ ഇന്ത്യ ഗ്രൂപ്പ് പരിശോധിച്ചുവരികയാണ്.


