സിംഗപ്പൂര്‍: വിമാനത്തിനുള്ളില്‍ വെച്ച് എയര്‍ഹോസ്റ്റസിന് നേരെ ലെംഗികാതിക്രമം നടത്തിയ ഇന്ത്യന്‍ പൗരന്‍ സിംഗപ്പൂരില്‍ അറസ്റ്റിലായി. മുപ്പത്തിയാറുകാരനായ ആകാശ് തിവാരി എന്ന ആള്‍ക്കെതിരെയാണ് സിംഗപ്പൂര്‍ പൊലീസ് കേസെടുത്തത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ വച്ച് ഇയാള്‍ ജീവനക്കാരിയോട് മോശമായി പെരുമാറുകയായിരുന്നു. ഫെബ്രുവരി 9നാണ് കേസിനാസ്പദമായ സംഭവം. ഫ്‌ലൈറ്റ് അറ്റന്‍ഡന്റായ യുവതിയെ ഇയാള്‍ ശല്യപ്പെടുത്തുകയും ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുകയും ആയിരുന്നു.

വിമാനത്തില്‍ വച്ചു പ്രതി, തന്റെ ശരീരഭാഗങ്ങള്‍ ഉപയോഗിച്ച് യുവതിയുടെ പിന്‍ഭാഗത്ത് മനഃപൂര്‍വം സ്പര്‍ശിക്കുകയായിരുന്നു. ഇതോടെ എയര്‍ഹോസ്റ്റസ് ബഹളം വയ്ക്കുകയും പ്രതിയെ താക്കീത് ചെയ്യുകയും ചെയ്തു. ശേഷം ലാന്‍ഡിങ്ങിന് തയാറെടുക്കുന്നതിനിടെ ഇയാള്‍ യുവതിയെ പിന്തുടര്‍ന്നു. യുവതി ബഹളം വച്ചിട്ടും ഇയാള്‍ ഉപദ്രവം തുടര്‍ന്നെന്നും സിംഗപ്പൂര്‍ പൊലീസ് പറുന്നു. യുവതി ദുരനുഭവം സൂപ്പര്‍വൈസറോട് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സിംഗപ്പൂര്‍ പൊലീസ് കേസെടുത്തത്. വിമാനം സിംഗപ്പൂരിലെ ചാന്‍ഗീ എയര്‍പോട്ടില്‍ ലാന്‍ഡ് ചെയ്തതോടെ ആകാശിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതിക്ക് മേല്‍ ചുമത്തിയിട്ടുള്ളത്.