ബെംഗളരൂ: അശ്ലീല ചുവയുള്ള വരികള്‍ക്കെതിരെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് 'കെ.ഡി. ദ് ഡെവിള്‍' ചിത്രത്തിലെ ഗാനം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ദ്വയാര്‍ഥപ്രയോഗങ്ങളുള്ള വരികളാണ് ഈ ഗാനത്തിലുള്ളത്. ചിത്രത്തിന്റെ ഗാനങ്ങള്‍ ഓണ്‍ലൈനില്‍ പുറത്തിറക്കിയതോടെയാണ് വിവാദമായത്. ഈ ഗാനത്തിനെതിരെ ഉത്തരേന്ത്യയിലടക്കം പ്രതിഷേധമുയര്‍ന്നതോടെയാണ് നടപടി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ സമൂഹത്തെയും സംസ്‌കാരത്തെയും ബാധിക്കുന്ന നടപടികള്‍ അനുവദിക്കാന്‍കഴിയില്ലെന്നും അതിനാലാണ് നിരോധനമെന്നും കേന്ദ്ര വാര്‍ത്താവിനിമയമന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.

ധ്രുവ് സര്‍ജ നായകനായ ചിത്രത്തിന്റെ ഗാനങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നതോടെയാണ് വിവാദത്തിലിടം പിടിച്ചത്. കര്‍ണാടക സംസ്ഥാന വനിതാകമ്മിഷനെ കൂടാതെ ഹരിയാണ വനിതാകമ്മിഷനും ഇതിനെതിരേ രംഗത്തുവന്നു. തുടര്‍ന്നാണ് കേന്ദ്രം നിരോധിക്കാന്‍ തീരുമാനിച്ചത്. ഗാനത്തിന്റെ ഹിന്ദി പതിപ്പാണ് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. ബോളിവുഡ് നടന്‍ സഞ്ജയ് ദത്തും നടി നോറ ഫതേഹിയുമുള്‍പ്പെട്ട ഗാനം ഉത്തരേന്ത്യയിലും ശ്രദ്ധിക്കപ്പെടുകയായിരുന്നു.

ഗാനം യുറ്റിയൂബില്‍നിന്നടക്കം നീക്കംചെയ്തു. പുതിയവരികളുമായി ഇതേഗാനരംഗങ്ങള്‍തന്നെ ചിത്രത്തിലുള്‍പ്പെടുത്താനാണ് അണിയറപ്രവര്‍ത്തകരുടെ നീക്കം. പ്രേം സംവിധാനംചെയ്ത ചിത്രം അടുത്തമാസമാണ് റിലീസ് ചെയ്യുന്നത്.