മംഗളൂരു: കൈക്കൂലി വാങ്ങിയ പണവുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ഉദ്യോഗസ്ഥയെയും കൂട്ടാളികളേയും ലോകായുക്ത പൊലീസ് 15 കിലോമീറ്റര്‍ പിന്തുടര്‍ന്ന് കാര്‍ തടഞ്ഞ് അറസ്റ്റ് ചെയ്തു. കോലാര്‍ അസി.ഡ്രഗ് കണ്‍ട്രോളര്‍ ജെ ശ്യാമള, വിരമിച്ച 'ഡി' ഗ്രൂപ്പ് ജീവനക്കാരന്‍ കെ. ശ്രീനിവാസ്, കാര്‍ ഡ്രൈവര്‍ എം.മഹാന്തേഷ് എന്നിവരാണ് അറസ്റ്റിലായത്. ലോകായുക്ത സംഘം കാറിനെ വിടാതെ പിന്തുടര്‍ന്ന് നാടകീയമായി തടഞ്ഞുനിര്‍ത്തി മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

തന്റെ കട മാറ്റി സ്ഥാപിക്കാന്‍ അനുമതി തേടി തെക്കലില്‍ നിന്നുള്ള മെഡിക്കല്‍ ഷോപ്പ് ഉടമ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് നടപ്പിലാക്കാന്‍ ശ്യാമള 35,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ലോകായുക്ത പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ശ്യാമള തെക്കലില്‍ തന്റെ കാറില്‍ ഇരുന്ന് കൈക്കൂലി പണം സ്വീകരിക്കുന്നതിനിടെ ലോകായുക്ത എസ്പി ആന്റണി ജോണിന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തി. പൊലീസിനെ കണ്ടപ്പോള്‍ ശ്യാമള പരിഭ്രാന്തയായി പണവുമായി കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ബംഗാരപേട്ട് റോഡിലൂടെ വാഹനം അതിവേഗത്തില്‍ പാഞ്ഞു. പിന്നാലെയെത്തിയ സംഘം ഇവരെ പിടികൂടുകയായിരുന്നു. കൂടുതല്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ലോകായുക്ത എസ്.പി പറഞ്ഞു.