ബെംഗളുരു: എല്‍പിജി പ്രതിസന്ധിക്കിടെ ബെംഗളൂരുവില്‍ പാചകവാതക (എല്‍.പി.ജി.) സിലിണ്ടറുകള്‍ യുവാക്കള്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. നഗരത്തിലെ ബെഗൂര്‍ മേഖലയിലാണ് ഏറ്റവും ഒടുവിലായി മോഷണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആര്‍.സി. ലേഔട്ടിലെ വിശ്വപ്രിയ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ട് യുവാക്കള്‍ രണ്ട് ഗ്യാസ് സിലിണ്ടറുകളുമായി കടന്നുകളയുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം, മോഷ്ടാക്കളില്‍ ഒരാള്‍ അപ്പാര്‍ട്ട്മെന്റ് ഗേറ്റിന് പുറത്ത് സ്‌കൂട്ടറുമായി കാത്തുനില്‍ക്കുകയായിരുന്നു. മറ്റൊരാള്‍ ഉള്ളില്‍ കടന്ന് മുറ്റത്ത് ഇരുന്നിരുന്ന രണ്ട് സിലിണ്ടറുകള്‍ ഒന്നെടുത്ത് പുറത്തെത്തിച്ചു. തുടര്‍ന്ന് രണ്ടാമത്തെ സിലിണ്ടറും ഇതേപോലെ വേഗത്തില്‍ എടുത്തുകൊണ്ടുവന്ന് സ്‌കൂട്ടറില്‍ വെച്ച് ഇരുവരും പാഞ്ഞുപോയി. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബെഗൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ് കുറച്ചുനാളുകളായി കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ സിലിണ്ടര്‍ മോഷണം പതിവാകുകയാണ്. ഈ മാസം മാത്രം ബെംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ വലിയ മോഷണമാണിത്. ദിവസങ്ങള്‍ക്ക് മുന്‍പ് കല്യാണ്‍ നഗറില്‍ സിലിണ്ടറുകള്‍ ചാക്കിലാക്കി കടത്തിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു ബെംഗളൂരു സൗത്ത് ജില്ലയിലെ രാമനഗരയിലുള്ള ചന്നാപാട്‌നയിലും സമാനമായ സംഭവം നടന്നു. വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കിയാണ് ഇവിടെ മോഷ്ടാക്കള്‍ സിലിണ്ടര്‍ കവര്‍ന്നത്. സിലിണ്ടര്‍ മാറ്റാന്‍ നോക്കിയപ്പോഴാണ് മോഷണം നടന്ന വിവരം വീട്ടുകാര്‍ പോലും അറിയുന്നത്.

നിലവില്‍ പാചകവാതക വിതരണത്തില്‍ നേരിടുന്ന ക്ഷാമവും സിലിണ്ടറുകളുടെ വിലവര്‍ദ്ധനവുമാണ് ഇത്തരം മോഷണങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. മോഷ്ടിക്കുന്ന സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുന്ന വലിയൊരു ശൃംഖല തന്നെ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംശയിക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.