- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കില്ല; എല്‍പിജിക്ക് തടസ്സമില്ല! റിഫൈനറികള്‍ ഫുള്‍ സ്വിങ്ങില്; ഇന്ധനം കരുതിവെച്ചിട്ടുണ്ടെന്ന് പെട്രോളിയം മന്ത്രാലയം; പരിഭ്രാന്തരായി ഇന്ധനവും എല്‍പിജിയും വാങ്ങേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഇന്ധനക്ഷാമമുണ്ടാകുമെന്ന ആശങ്കകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധിപ്പിക്കില്ലെന്നും രാജ്യത്ത് ആവശ്യത്തിന് ഇന്ധനശേഖരം ലഭ്യമാണെന്നും കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം വ്യക്തമാക്കി. അന്തര്‍ മന്ത്രാലയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ എണ്ണശുദ്ധീകരണ ശാലകള്‍ (റിഫൈനറികള്‍) പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എല്‍പിജി വിതരണം തടസ്സമില്ലാതെ സാധാരണ നിലയില്‍ മുന്നോട്ട് പോകുന്നുണ്ടെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി.
ഇന്ധന വിതരണ ശൃംഖലയെ ബാധിക്കുന്ന തരത്തില്‍ എല്‍പിജി കരിഞ്ചന്തയില്‍ വില്‍ക്കുന്നതിനെതിരെ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ രണ്ടായിരത്തോളം സിലിണ്ടറുകള്‍ പിടിച്ചെടുത്തു. എണ്ണ കമ്പനികളും ഈ വിഷയത്തില്‍ കര്‍ശന നിരീക്ഷണം നടത്തുന്നുണ്ട്. രാജ്യത്ത് ആവശ്യമായ അളവില്‍ ഇന്ധനം സ്റ്റോക്കുള്ളതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരായി അധികമായി ഇന്ധനമോ എല്‍പിജിയോ വാങ്ങി കൂട്ടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം ആവര്‍ത്തിച്ചു. ഒപ്പം രാജ്യത്തെ തുറമുഖങ്ങളുടെ പ്രവര്‍ത്തനം സുഗമമാണെന്ന് ഷിപ്പിങ് മന്ത്രാലയവും അറിയിച്ചു.
യുദ്ധം ബാധിച്ച മേഖലകളില്‍ നിന്നുള്ള ഇന്ത്യക്കാരുടെ മടക്കയാത്രയെക്കുറിച്ചുള്ള വിവരങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പങ്കുവെച്ചു. ഇറാനില്‍ നിന്ന് അര്‍മേനിയ, അസര്‍ബൈജാന്‍ വഴി 1,043 ഇന്ത്യക്കാര്‍ സുരക്ഷിതരായി രാജ്യത്തെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ, മാര്‍ച്ച് 18-ന് റിയാദില്‍ വെച്ച് കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ ഒരു തരത്തിലും ഭാഗമല്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ഇതേക്കുറിച്ച് പ്രതികരിച്ചു. യുദ്ധത്തിന്റെ ആഘാതം ലോകത്തെമ്പാടുമുള്ള രാജ്യങ്ങളെ ബാധിക്കുന്നുണ്ടെങ്കിലും, ഇന്ത്യ നേരിട്ട് ഇതില്‍ കക്ഷിയല്ല. പ്രതിസന്ധി ഘട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പശ്ചിമേഷ്യയിലെ സംഘര്‍ഷം ഇന്ധനവിലയെ ബാധിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്കിടെ സര്‍ക്കാരിന്റെ ഈ വ്യക്തത സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.


