- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല് എല്‍പിജി ടാങ്കറുകള്‍ വിജയകരമായി ഹോര്‍മുസ് കടലിടുക്ക് കടന്നു; ഗള്‍ഫ് മേഖലയിലെ ഇന്ത്യക്കാരെ ഉടന്‍ ഒഴിപ്പിക്കേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയ്ക്കിടയിലും ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യന്‍ ചരക്കുക്കപ്പലുകളുടെ നീക്കം സുരക്ഷിതമായി തുടരുന്നതായി വിദേശകാര്യ മന്ത്രാലയം. ഇതുവരെ നാല് എല്‍പിജി ടാങ്കറുകള്‍ വിജയകരമായി ഈ പ്രദേശം കടന്നെത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഗള്‍ഫ് മേഖലയിലുള്ള ഇന്ത്യക്കാരെ നിലവില്‍ അടിയന്തരമായി ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
വിവിധ രാജ്യങ്ങളുമായി നിരന്തരമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. മേഖലയിലെ സ്ഥിതിഗതികള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിലവില്‍ തടസ്സമില്ലാതെ തുടരുന്നു. പ്രതിദിന സര്‍വീസുകള്‍ സാധാരണ നിലയില്‍ തന്നെ പ്രവര്‍ത്തിക്കുന്നതിനാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടുന്നില്ല. സ്ഥിതിഗതികളില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍ കൃത്യസമയത്ത് അറിയിപ്പുകള്‍ നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


