ലഡാക്ക്: ലഡാക്കിലെ സോജി ലാ പാസില്‍ ശ്രീനഗര്‍-ലേ ഹൈവേയില്‍ ഉണ്ടായ ഹിമപാതത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വിവരം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ ഈ വന്‍ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ഏകദേശം 15 വാഹനങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ മഞ്ഞിനടിയിലായതായി അധികൃതര്‍ അറിയിച്ചു. കനത്ത മഞ്ഞു വീഴ്ച്ചയില്‍ പ്രദേശത്ത് നിരവധി വാഹനങ്ങളാണ് കുടുങ്ങി കിടക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ സേനയും ഗന്ദര്‍ബാല്‍ പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കനത്ത മഞ്ഞും മോശം കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തിയതാണ് മരണ സംഖ്യ ഉയരാന്‍ കാരണം.

ദ്രാസിലെ സോജില പാസിലെ 'ക്യാപ്റ്റന്‍-ടേണ്‍' എന്ന സ്ഥലത്തുവെച്ചാണ് ഉച്ചകഴിഞ്ഞ് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് അറിയിച്ചു. പോലീസ്, സൈന്യം, ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (BRO), എസ്ഡിആര്‍എഫ് (SDRF), സോനാമാര്‍ഗ്, ദ്രാസ് ജില്ലാ ഭരണകൂടങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഭരണകൂടം വലിയ തോതിലുള്ള രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്.

മരിച്ചവരില്‍ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുട്ടിയും ഉള്‍പ്പെടുന്നുവെന്ന് ദ്രാസ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വിശാല്‍ അത്രി അറിയിച്ചു. ഹൈവേയുടെ ഇരുവശങ്ങളില്‍ നിന്നും -കാശ്മീരിലെ സോനാമാര്‍ഗ് ഭാഗത്തുനിന്നും ലഡാക്കിലെ ദ്രാസ് ഭാഗത്തുനിന്നും- രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അത്രി പറഞ്ഞു.

ദുരന്തനിവാരണ സേനയും ബിആര്‍ഒയും ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും അതീവ ജാഗ്രതയിലാണെന്നും താന്‍ നേരിട്ട് സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അറിയിച്ചു.

'സോജി ലാ പാസിലുണ്ടായ മഞ്ഞുവീഴ്ചയുടെ ദൗര്‍ഭാഗ്യകരമായ വാര്‍ത്ത അറിഞ്ഞു. ഉടന്‍ തന്നെ സംഭവസ്ഥലം സന്ദര്‍ശിക്കാനും ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കാര്‍ഗില്‍ ഡിസിക്കും എസ്എസ്പിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.' അദ്ദേഹം എക്‌സില്‍ അനുശോചനം രേഖപ്പെടുത്തി.

'സോജില പാസില്‍ വാഹനത്തിന് മുകളില്‍ മഞ്ഞുവീഴ്ചയുണ്ടായതിനെത്തുടര്‍ന്ന് ഏഴുപേര്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വാര്‍ത്ത അറിഞ്ഞതില്‍ ദുഃഖമുണ്ട്.' കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് എക്സില്‍ കുറിച്ചു. പരിക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നിന്ന് കാര്‍ഗിലിലേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. അപ്രതീക്ഷിതമായി ഈ മേഖലയില്‍ ഹിമപാതം ഉണ്ടാക്കുകയായിരുന്നു. കാര്‍ഗില്‍ ജില്ലയിലാണ് സോജിലാ പാസ് സ്ഥിതി ചെയ്യുന്നത്.