ആഗ്ര: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ പ്രതിയെ ഏറ്റുമുട്ടലില്‍ വധിച്ച് ആഗ്ര പൊലീസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മില്‍ ഒളിപ്പിച്ച കേസിലെ പ്രതി സുനിലാണ്(29) കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിനിടെയാണ് സുനിലിന് വെടിയേറ്റത്.

കഴിഞ്ഞ ദിവസമാണ് താജ്ഗഞ്ച് പ്രദേശത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സുനില്‍ കൊലപ്പെടുത്തിയത്. കൊലപാതക ശേഷം പ്രതി ഫിറോസാബാദിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പൊലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ സുനില്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തുവെന്നും ഇരുവരും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് സുനിലിന് വെടിയേറ്റതെന്നും പൊലീസ് പറഞ്ഞു.

ആക്രമണത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വിശ്വജിത്തിന് വെടിയേറ്റു. പ്രതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പെണ്‍കുട്ടിയുടെ കുടുംബം നടത്തുന്ന ഒരു ഷൂ ഫാക്ടറിയിലാണ് സുനില്‍ ജോലി ചെയ്തിരുന്നത്. ചൊവ്വാഴ്ച പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം മുറിയിലെ ഡ്രമ്മില്‍ ഒളിപ്പിച്ച ശേഷം പ്രതി ഒളിവില്‍ പോയതായും പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ അവസാനമായി കണ്ടത് ഉച്ചയ്ക്ക് രണ്ട് മണിയോടെ ചിപ്സ് വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴാണ്. പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തിയ സംഘത്തില്‍ സുനിലും ഉണ്ടായിരുന്നു. പ്രതി മുറി പൂട്ടി ഓടിപ്പോയപ്പോഴാണ് സംശയം തോന്നിയതെന്നും കുടുംബാംഗങ്ങള്‍ മുറി പൊളിച്ച് നോക്കിയപ്പോള്‍ ആണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു.