- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബസമേതം ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയെ കണ്ട് കെ സുധാകരന്; യഥാര്‍ത്ഥ കോണ്‍ഗ്രസ് പോരാളിയാണ് കെ സുധാകരനെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതില്‍ ഇടഞ്ഞ കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും. കുടുംബവുമായി ഡല്‍ഹിയിലെത്തിയാണ് സുധാകരന്‍ രാഹുലിനെയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കണ്ടത്. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ജീവിതം മുഴുവന്‍ പോരാടിയ നേതാവാണ് കെ സുധാകരനെന്നും യഥാര്‍ത്ഥ കോണ്‍ഗ്രസ് പോരാളിയാണെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂര്‍ണ സഹകരണം ഉറപ്പാക്കാനാണ് കൂടിക്കാഴ്ച. കെസിയും വേണുഗോപാലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. നേരത്തെ കെ സുധാകരനെ സ്റ്റാര്‍ ക്യാംപെയ്‌നര്‍ ആക്കിയത് ശ്രദ്ധേയമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒറ്റക്കെട്ടെന്നും നൂറിലധികം സീറ്റ് നേടി വിജയിക്കുമെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.
ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരം ഡല്‍ഹിയിലെത്തിയ സുധാകരന്‍ മകനും മകന്റെ ഭാര്യയ്ക്കുമൊപ്പമാണ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കെ സുധാകരന്‍ പാര്‍ട്ടിയോട് ഇടഞ്ഞിരുന്നു. ഈ വിഷയത്തില്‍ കുറേ ദിവസം ഡല്‍ഹിയില്‍ തന്നെ തുടര്‍ന്ന കെ സുധാകരന്‍ ഒടുവില്‍ ഹൈക്കമാന്‍ഡ് പറഞ്ഞത് അനുസരിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും പിന്മാറുകയായിരുന്നു. കെ സുധാകരന് മത്സരിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ഹൈക്കമാന്‍ഡ്. പിന്നീട് സുധാകരന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങളില്‍ സജീവമാകുകയായിരുന്നു. രാഹുല്‍ ഗാന്ധി, എ കെ ആന്റണി, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളാണ് സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന് മുന്‍കൈയെടുത്തത്.


