മുംബൈ: മുംബൈ ലോക്കല്‍ ട്രെയിനില്‍ യാത്രക്കിടെ കല്ലേറില്‍ യുവതിയുടെ കണ്ണിന് ഗുരുതര പരിക്ക്. ദാദര്‍ റെയില്‍വേ സ്റ്റേഷന് സമീപം വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. സി.എസ്.എം.ടിയില്‍ നിന്നും ബദ്ലാപ്പൂരിലേക്ക് പോവുകയായിരുന്ന ലോക്കല്‍ ട്രെയിന്‍ വൈകുന്നേരം 7:15-ഓടെ ദാദര്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ട്രെയിനിന് നേരെ അജ്ഞാതന്‍ എറിഞ്ഞ കല്ല് കൊണ്ട് യുവതിയുടെ കണ്ണിനും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റു.

ട്രാക്കിന് സമീപം നിന്നിരുന്ന ഒരാള്‍ ലേഡീസ് കമ്പാര്‍ട്ട്‌മെന്റിന് നേരെ കല്ലെറിയുകയായിരുന്നു. ട്രെയിനിന്റെ ജനാലക്കരികെ ഇരുന്നിരുന്ന യുവതിയുടെ വലത് കണ്ണിന് തൊട്ടുതാഴെയാണ് കല്ല് വന്ന് പതിച്ചത്. ആഘാതത്തില്‍ യുവതിയുടെ മുഖത്ത്‌നിന്ന് രക്തം വന്നതോടെ മറ്റു യാത്രക്കാര്‍ പരിഭ്രാന്തരായി.

ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ എത്തിയ ഉടന്‍ തന്നെ റെയില്‍വേ അധികൃതരും റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പ്രാഥമിക ചികിത്സക്ക് ശേഷം യുവതിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ കണ്ടെത്താനായി റെയില്‍വേ പൊലീസ് സ്റ്റേഷനിലെയും പരിസരത്തെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

മുംബൈ റെയില്‍വേ ശൃംഖലയില്‍ യാത്രക്കാരുടെ സുരക്ഷ വീണ്ടും ചോദ്യചിഹ്നമാവുകയാണ്. രണ്ട് മാസം മുമ്പ് ബാന്ദ്ര സ്റ്റേഷനിലും സമാനമായ രീതിയില്‍ കല്ലേറുണ്ടായിരുന്നു. അന്ന് സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിന് പരിക്കേല്‍ക്കുകയും പ്രതിയെ പിന്നീട് പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപം നിന്ന് ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്നത് മുംബൈയില്‍ പതിവാകുന്നത് നിത്യയാത്രക്കാരെ, പ്രത്യേകിച്ച് സ്ത്രീകളെ ഭീതിയിലാഴ്ത്തുന്നുണ്ട്. സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും ഇത്തരം അക്രമങ്ങള്‍ തുടരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.