- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കോടതിക്ക് മുന്നില്‍ ഹിന്ദുവും മുസ്ലിമുമില്ല, പൗരന്മാര് മാത്രം'; മിശ്രമത ലിവ്-ഇന്‍ പങ്കാളികള്‍ക്ക് സംരക്ഷണം ഉറപ്പാക്കി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: വ്യക്തികളെ അവരുടെ മതത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുള്ള സ്വതന്ത്ര പൗരന്മാരായാണ് കോടതി കാണുന്നതെന്ന് അലഹബാദ് ഹൈക്കോടതി. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ക്ക് അവരുടെ ഇഷ്ടപ്രകാരം ഒരുമിച്ച് ജീവിക്കാന്‍ മതഭേദമന്യേ അവകാശമുണ്ടെന്ന് വ്യക്തമാക്കിയ കോടതി, 12 മിശ്രമത ലിവ്-ഇന്‍ ദമ്പതികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടു. പങ്കാളിയെ തിരഞ്ഞെടുക്കാനും അവര്‍ക്കൊപ്പം ജീവിക്കാനുമുള്ള അവകാശം ആര്‍ട്ടിക്കിള്‍ 21-ന്റെ ഭാഗമാണെന്നും ജസ്റ്റിസ് സുരേന്ദ്ര സിംഗിന്റെ ബെഞ്ച് നിരീക്ഷിച്ചു.
ഉത്തര്‍പ്രദേശിലെ വിവാദമായ മതപരിവര്‍ത്തന നിരോധന നിയമം (2021) ലിവ്-ഇന്‍ പങ്കാളികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാകില്ലെന്ന് കോടതി ശക്തമായ ഭാഷയില്‍ വ്യക്തമാക്കി. മതം മാറാതെ തന്നെ തങ്ങളുടെ വിശ്വാസങ്ങള്‍ പിന്തുടര്‍ന്ന് ഒരുമിച്ച് ജീവിക്കുന്നവര്‍ക്ക് ഈ നിയമം ബാധകമല്ല. ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ ഉള്ള മതപരിവര്‍ത്തനങ്ങള്‍ തടയാനുള്ളതാണ് നിയമമെന്നും, സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് താമസിക്കുന്നവരെ തടയാന്‍ സ്റ്റേറ്റിന് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കുടുംബാംഗങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും ഭീഷണി നേരിടുന്നതായി കാണിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലാണ് ഈ സുപ്രധാന വിധി. സമാധാനപരമായ ജീവിതത്തിന് തടസ്സം നില്‍ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും, ഭരണഘടനാപരമായ മൗലികാവകാശങ്ങള്‍ സമൂഹത്തിന്റെ എതിര്‍പ്പുകള്‍ക്കും മുകളിലാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു. ഹര്‍ജിക്കാര്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവികള്‍ക്ക് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി.


