ബംഗളൂരു: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശങ്ങള്‍ അയച്ച് പരിഭ്രാന്തി സൃഷ്ടിച്ച മൈസൂര്‍ സ്വദേശി പോലീസിന്റെ വലയിലായി. മൈസൂര്‍ സ്വദേശിയായ ശ്രീനിവാസ് ലൂയിസ് (47) ആണ് ബംഗളൂരുവില്‍ വെച്ച് അറസ്റ്റിലായത്. സ്‌കൂളുകള്‍, ഹൈക്കോടതികള്‍, ജില്ലാ കോടതികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയെ ലക്ഷ്യമിട്ട് ഇയാള്‍ അയച്ച സന്ദേശങ്ങള്‍ രാജ്യത്തുടനീളം വലിയ സുരക്ഷാ ഭീഷണിയും ആശങ്കയും സൃഷ്ടിച്ചിരുന്നു.

ബംഗളൂരു പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ശ്രീനിവാസിനെ പിടികൂടിയത്. ഏകദേശം 1100-ലധികം വ്യാജ ബോംബ് ഭീഷണികളാണ് ഇയാള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ അയച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ഇയാള്‍ ബിരുദാനന്തര ബിരുദധാരിയാണ്. നിലവില്‍ തൊഴില്‍രഹിതനാണെന്നും പോലീസ് വ്യക്തമാക്കുന്നു.

സ്‌കൂളുകളിലും കോടതികളിലും ബോംബ് വച്ചിട്ടുണ്ടെന്ന ഇമെയിലുകള്‍ എത്തിയതിനെത്തുടര്‍ന്ന് പലതവണ കെട്ടിടങ്ങള്‍ ഒഴിപ്പിക്കുകയും വ്യാപകമായ പരിശോധനകള്‍ നടത്തേണ്ടി വരികയും ചെയ്തിരുന്നു. ഇത് സാധാരണ ജനജീവിതത്തെയും കോടതി നടപടികളെയും സാരമായി ബാധിച്ചു. എന്തിനാണ് ഇത്രയധികം വ്യാജ സന്ദേശങ്ങള്‍ ഇയാള്‍ അയച്ചതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

ഇയാള്‍ക്ക് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്നും എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും പോലീസ് ഗൗരവമായി അന്വേഷിച്ചുവരികയാണ്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.