മുംബൈ: ദാമ്പത്യപ്രശ്നങ്ങളുടെയോ കുടുംബവഴക്കുകളുടെയോ പേരില്‍ ഭര്‍ത്താവ് ജീവനൊടുക്കിയാല്‍ അതിന്റെ ഉത്തരവാദിത്തം ഭാര്യയ്ക്ക് മേല്‍ ചുമത്താനാവില്ലെന്ന് ബോംബെ ഹൈക്കോടതി. കുടുംബകലഹങ്ങളെത്തുടര്‍ന്നുണ്ടായ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ വിധി പറയവെയാണ് ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് സുപ്രധാനമായ ഈ നിരീക്ഷണം നടത്തിയത്. ദാമ്പത്യ ജീവിതത്തിലുണ്ടാകുന്ന സാധാരണ തര്‍ക്കങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ നിയമപ്രകാരം ആത്മഹത്യാ പ്രേരണാക്കുറ്റത്തിന്റെ പരിധിയില്‍ വരികയില്ലെന്ന് കോടതി വ്യക്തമാക്കി.

2019 നവംബര്‍ 26-ന് മഹാരാഷ്ട്രയിലെ അമരാവതിയില്‍ ട്രെയിനിന് മുന്നില്‍ ചാടി ഒരാള്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കോടതിയുടെ ഇടപെടല്‍. മകന്റെ മരണത്തിന് കാരണം മരുമകളുടെ മാനസികവും ശാരീരികവുമായ പീഡനമാണെന്ന് ആരോപിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നിസ്സാര കാര്യങ്ങള്‍ക്ക് വഴക്കിടുക, അറിയിക്കാതെ സ്വന്തം വീട്ടിലേക്ക് പോകുക, കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയ ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഭാര്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തു. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 306 (നിലവിലെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 108) പ്രകാരമുള്ള ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കണമെങ്കില്‍, ഒരാളെ ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുക എന്ന വ്യക്തമായ ഉദ്ദേശ്യം പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കോടതി നിരീക്ഷിച്ചു. ദാമ്പത്യ ബന്ധത്തിലെ സാധാരണ പ്രശ്‌നങ്ങളോ വാക്കുതര്‍ക്കങ്ങളോ ഭാര്യ സ്വന്തം വീട്ടിലേക്ക് പോകുന്നതോ ഒന്നും ആത്മഹത്യ ചെയ്യാനുള്ള പ്രലോഭനമായി കണക്കാക്കാന്‍ കഴിയില്ല. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍ സ്വാഭാവികമാണെന്നും അവയൊന്നും തന്നെ ഒരാളെ ആത്മഹത്യയിലേക്ക് നയിക്കാന്‍ ബോധപൂര്‍വ്വം ചെയ്യുന്ന പ്രവര്‍ത്തികളാണെന്ന് പറയാനാവില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഭാര്യയുടെ ഹര്‍ജി അംഗീകരിച്ച കോടതി, അവര്‍ക്കെതിരെയുള്ള എഫ്ഐആറും നടന്നുകൊണ്ടിരിക്കുന്ന വിചാരണാ നടപടികളും റദ്ദാക്കി ഉത്തരവിട്ടു. ദാമ്പത്യ ബന്ധങ്ങളിലെ സങ്കീര്‍ണ്ണതകളും നിയമപരമായ ബാധ്യതകളും സംബന്ധിച്ച് വലിയ വ്യക്തത നല്‍കുന്നതാണ് ഹൈക്കോടതിയുടെ ഈ വിധി.