- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിഭ്രാന്തരാവേണ്ട; രാജ്യത്ത് പെട്രോള്‍, ഡീസല്‍ സ്റ്റോക്ക് ആവശ്യത്തിനുണ്ട്; വാണിജ്യ എല്‍പിജി വിതരണം കൃത്യമായി മുന്നോട്ട് പോകുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ ക്ഷാമമുണ്ടാകുമെന്ന ആശങ്കകള്‍ക്കിടയില്‍ ഇന്ധന സ്റ്റോക്കിന്റെ കാര്യത്തില്‍ വ്യക്തത വരുത്തി കേന്ദ്രസര്‍ക്കാര്‍. നിലവില്‍ രണ്ട് മാസത്തേക്കാവശ്യമായ ക്രൂഡ് ഓയില്‍ ശേഖരം രാജ്യത്തുണ്ടെന്നും അതിനാല്‍ ആരും പരിഭ്രാന്തരായി അനാവശ്യമായി ഇന്ധനം വാങ്ങി കൂട്ടേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. വാണിജ്യ എല്‍പിജി വിതരണം തടസ്സമില്ലാതെ മുന്നോട്ട് പോകുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
ഇന്ധന പ്രതിസന്ധിയെക്കുറിച്ച് വ്യാപകമായ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ സര്‍ക്കാര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കേന്ദ്രത്തിന്റെ ഇടപെടല്‍ മൂലമാണ് വിമാന ഇന്ധന നിരക്ക് ആഭ്യന്തര വിപണിയില്‍ കുത്തനെ ഉയരാത്തത്. ഇന്ധന പ്രതിസന്ധിക്കിടയിലും വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അഞ്ച് കിലോഗ്രാം സിലിണ്ടറിന് 51 രൂപയും 19 കിലോ സിലിണ്ടറിന് 195 രൂപയിലധികവുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ 19 കിലോ സിലിണ്ടറിന്റെ വില രണ്ടായിരം രൂപ കടന്നു, ഇത് ഹോട്ടല്‍ വ്യവസായത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.
അതേസമയം, പാചകവാതക ലഭ്യത ഉറപ്പാക്കുന്നതിനായി വിദേശത്തുനിന്നുള്ള എല്‍പിജി ടാങ്കറുകള്‍ ഇന്ത്യന്‍ തീരത്തേക്ക് എത്തിത്തുടങ്ങി. ഹോര്‍മുസ് കടലിടുക്ക് കടന്ന 'BW TYR' എന്ന എല്‍പിജി ടാങ്കര്‍ ഇന്ന് മുംബൈ തീരത്തെത്തും. മറ്റൊരു ടാങ്കറായ 'BW ELM' ഏപ്രില്‍ രണ്ടിന് മുന്‍പായി മംഗളൂരു തുറമുഖത്ത് നങ്കൂരമിടും. ഈ രണ്ട് കപ്പലുകളിലുമായി ഏകദേശം 94,000 മെട്രിക് ടണ്ണിലധികം എല്‍പിജി രാജ്യത്തെത്തും. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന 18 ഇന്ത്യന്‍ ടാങ്കറുകള്‍ക്ക് കൂടി ഉടന്‍ തന്നെ ഹോര്‍മുസ് കടക്കാന്‍ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഷിപ്പിംഗ് മന്ത്രാലയം. ഇത് രാജ്യത്തെ ഇന്ധന, പാചകവാതക വിതരണം കൂടുതല്‍ സുഗമമാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.


