ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരില്‍ റെയില്‍വേ ട്രാക്കില്‍ തലവെച്ച് കിടന്ന നടന്‍ മന്‍സൂര്‍ അലി ഖാനെതിരെ ആര്‍പിഎഫ് കേസെടുത്തു.തിരുച്ചി ആര്‍പി എഫാണ് കേസെടുത്തത്. കല്ലക്കുടി പളങ്ങനാഥം റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. ലാല്‍ഗുഡി നിയമസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് നടന്‍ മന്‍സൂര്‍ അലിഖാന്‍.

മണ്ഡലത്തിലെ പ്രചാരണത്തിനിടെ റെയില്‍വേ സ്റ്റേഷനിലെത്തിയ നടന്‍ അപ്രതീക്ഷിതമായി പാളത്തില്‍ കിടക്കുകയായിരുന്നു.തുടര്‍ന്ന് നടനോടൊപ്പം വന്നവര്‍ ചിത്രം പകര്‍ത്തി. അരിയല്ലൂര്‍ ഭാഗത്തേക്കുള്ള പാളത്തിന്റെ അറ്റത്താണ് ഇദ്ദേഹം കിടന്നത്. സംഭവം അറിഞ്ഞെത്തിയ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ അദ്ദേഹത്തെ പാളത്തില്‍ നിന്നും മാറ്റി.

1953 ല്‍ അന്നത്തെ മുഖ്യമന്ത്രി എം കരുണാനിധി കല്ലക്കുടി പാളത്തില്‍ തലവെച്ചിരുന്നു. അത് പുനരവതരിപ്പിക്കുകയായിരുന്നുവെന്നാണ് മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്. ഇന്ത്യ ജനനായക പുലികള്‍ കക്ഷി എന്ന പേരില്‍ മന്‍സൂര്‍ അലി ഖാന്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയിട്ടുണ്ട്.