ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ യമുനാ നദിയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പത്തുപേര്‍ മരിച്ചു. മരിച്ചവരില്‍ ഏഴ് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉള്‍പ്പെടുന്നു. മഥുരയിലെ കേസി ഘാട്ടിലാണ് അപകടമുണ്ടായത്. പഞ്ചാബിലെ ലുധിയാനയില്‍ നിന്ന് എത്തിയ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച രണ്ട് ബോട്ടുകളില്‍ ഒന്നാണ് അപകടത്തില്‍ അകപ്പെട്ടത്. യമുന നദിയില്‍ മുങ്ങിയ ബോട്ടില്‍ 25 യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇവരില്‍ 15 പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചു. വൃന്ദാവന്‍ സന്ദര്‍ശിക്കാനെത്തിയ രണ്ട് ബസുകളിലായുള്ള യാത്രാസംഘത്തിലെ അംഗങ്ങളാണ് ഇവര്‍.

വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ബങ്കെ ബിഹാരി ക്ഷേത്രത്തിന് സമീപമുള്ള കേശി ഘട്ടിലാണ് ദുരന്തം സംഭവിച്ചത്. പുഴയ്ക്ക് കുറുകെയുള്ള ഒരു പോണ്ടൂണ്‍ പാലത്തില്‍ ബോട്ട് ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. പാലത്തില്‍ ഇടിച്ചതിന് പിന്നാലെ ബോട്ട് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.

അപകടത്തെത്തുടര്‍ന്ന് സൈന്യം, പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി, ദേശീയ ദുരന്ത പ്രതികരണ സേനഎന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അപകടത്തിന് പിന്നില്‍ ബോട്ട് ജീവനക്കാരുടെ ഗുരുതരമായ അനാസ്ഥയുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍. വെറും 15 പേരെ മാത്രം കയറ്റാന്‍ ശേഷിയുള്ള ബോട്ടില്‍ അതിന്റെ ഇരട്ടിയിലധികം ആളുകളെ കയറ്റിയതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയത്. അപകടം നടന്നയുടന്‍ ബോട്ട് ഓടിച്ചിരുന്ന ആള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

അപകടം നടക്കുന്ന സമയത്ത് മണിക്കൂറില്‍ 31 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശുന്നുണ്ടായിരുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പുഴയുടെ മധ്യത്തിലെത്തിയപ്പോള്‍ കാലാവസ്ഥ പെട്ടെന്ന് മോശമായെന്നും ശക്തമായ കാറ്റില്‍ ബോട്ട് ആടാന്‍ തുടങ്ങിയെന്നും രക്ഷപ്പെട്ട മനോഹര്‍ ലാല്‍ പറഞ്ഞു. പാലത്തില്‍ ഇടിക്കാതിരിക്കാന്‍ വേഗത കുറയ്ക്കാന്‍ ബോട്ട് ഓപ്പറേറ്ററോട് തങ്ങള്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് ചെവിക്കൊണ്ടില്ലെന്ന് മറ്റൊരു ദൃക്‌സാക്ഷിയായ തനിഷ് ജെയിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

ബോട്ട് ഓപ്പറേറ്ററോ യാത്രക്കാരോ ലൈഫ് ജാക്കറ്റുകള്‍ ധരിച്ചിരുന്നില്ല എന്നത് മരണസംഖ്യ ഉയരാന്‍ കാരണമായി. പായലുകള്‍ നിറഞ്ഞ നദിയില്‍ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ബോട്ട് സര്‍വീസ് നടത്താന്‍ അനുവദിച്ചത് അധികൃതരുടെ വീഴ്ചയാണെന്ന ആരോപണവും ഉയരുന്നുണ്ട്. സമീപത്തുണ്ടായിരുന്ന പ്രാദേശിക മുങ്ങല്‍ വിദഗ്ധരാണ് അപകടസമയത്ത് പലരെയും രക്ഷിക്കാന്‍ സഹായിച്ചത്.