ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ വിവിധ സ്ഥലങ്ങള്‍ക്ക് പുതിയ പേരുകള്‍ നല്‍കാനുള്ള ചൈനയുടെ പ്രകോപനപരമായ നീക്കത്തെ ഇന്ത്യ ശക്തമായി തള്ളിക്കളഞ്ഞു. ചൈനയുടെ ഇത്തരം നടപടികള്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായ അരുണാചല്‍ പ്രദേശിന്റെ പദവിയില്‍ യാതൊരു മാറ്റവും വരുത്തില്ലെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. വ്യാജ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതും അടിസ്ഥാനരഹിതമായ കഥകള്‍ മെനയുന്നതും യാഥാര്‍ഥ്യത്തെ ഇല്ലാതാക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ ഞായറാഴ്ച പറഞ്ഞു.

ഇന്ത്യയുടെ ഭൂപടത്തില്‍ ഉള്‍പ്പെടുന്ന എല്ലാ പ്രദേശങ്ങളും എന്നും ഇന്ത്യയുടേതാണെന്നും അത് അങ്ങനെതന്നെ തുടരുമെന്നും ജയ്‌സ്വാള്‍ ഊന്നിപ്പറഞ്ഞു. ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ക്ക് സാങ്കല്‍പ്പിക പേരുകള്‍ നല്‍കാനുള്ള ചൈനയുടെ 'കുസൃതി നിറഞ്ഞ ശ്രമങ്ങളെ' ഇന്ത്യ പൂര്‍ണ്ണമായും നിരസിക്കുന്നു. ഇത്തരം ഏകപക്ഷീയമായ നീക്കങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ കൂടുതല്‍ വിള്ളലുണ്ടാക്കുമെന്നും സമാധാന ശ്രമങ്ങളെ ബാധിക്കുമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 2025 മെയ് മാസത്തിലും സമാനമായ നീക്കങ്ങളുമായി ചൈന രംഗത്തെത്തിയിരുന്നെങ്കിലും ഇന്ത്യ അന്നും ശക്തമായ നിലപാടാണ് സ്വീകരിച്ചത്.