ലഖ്‌നൌ: ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിലെതടക്കം ആറ് പേര്‍ വാഹനാപകടത്തില്‍ മരിച്ചു. ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി വന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. വിവരമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആറു പേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചതായി എസ്പി ജ്ഞാനഞ്ജയ് സിംഗ് സ്ഥിരീകരിച്ചു.

ബസ്സില്‍ 12 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍പ്പെട്ട ട്രക്ക് റോഡില്‍ നിന്നും നീക്കം ചെയ്‌തെന്നും ഗതാഗതം പുനഃസ്ഥാപിച്ചെന്നും പൊലീസ് അറിയിച്ചു. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇത് ബസ് ഡ്രൈവര്‍ ആണെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ ബന്ധുക്കള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം സമാനമായ മറ്റൊരു അപകടം ബിഹാറിലെ കതിഹാര്‍ ജില്ലയിലുണ്ടായി. ദേശീയപാത 31-ല്‍ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തില്‍ 13 പേര്‍ മരിക്കുകയും മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജാര്‍ഖണ്ഡില്‍ നിന്നും മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. പിക്കപ്പ് വാനിലുണ്ടായിരുന്ന പത്തു പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബസ് ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് അധികൃതര്‍ സംശയിക്കുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വാഹനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം നല്‍കും.