കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട എസ്.ഐ.ആര്‍ കേസിലെ ഹര്‍ജി പരിഗണിക്കവെ നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി. തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ തടയുക എന്നതല്ല കോടതികളുടെ ധര്‍മ്മമെന്ന് ജസ്റ്റിസ് ജോയ് മാല ബാഗ് ചി വ്യക്തമാക്കി. ഒരു മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ എണ്ണത്തേക്കാള്‍ കുറവാണ് ഭൂരിപക്ഷം എങ്കില്‍ മാത്രമേ ഫലത്തില്‍ ഇടപെടൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജനാധിപത്യ പ്രക്രിയയുടെ സുഗമമായ നടത്തിപ്പിന് മുന്‍ഗണന നല്‍കുന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

വോട്ടര്‍മാരെ വന്‍തോതില്‍ ബോധപൂര്‍വ്വം ഒഴിവാക്കുന്ന സാഹചര്യം ഉണ്ടെങ്കില്‍ മാത്രമേ കോടതിയുടെ ഇടപെടല്‍ അനിവാര്യമാകുന്നുള്ളൂ. നിലവില്‍ രണ്ട് ഭരണഘടനാ സ്ഥാപനങ്ങള്‍ക്കിടയില്‍ വോട്ടര്‍മാര്‍ ഞെരുങ്ങുന്ന അവസ്ഥയാണ് ഉള്ളതെന്ന് നിരീക്ഷിച്ച കോടതി, വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട പരാതിയുള്ളവര്‍ അപ്പലേറ്റ് അതോറിറ്റിയെ സമീപിക്കണമെന്ന് നിര്‍ദ്ദേശിച്ചു. വോട്ടവകാശം ഉറപ്പാക്കുന്നതിനൊപ്പം തന്നെ തിരഞ്ഞെടുപ്പ് പ്രക്രിയ തടസ്സമില്ലാതെ മുന്നോട്ട് പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചു.

തിരഞ്ഞെടുപ്പ് കാലത്തെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും കോടതി കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ബംഗാളില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്കുള്ള സുരക്ഷ തുടരണമെന്ന് കോടതി ഉത്തരവിട്ടു. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷനും ബംഗാള്‍ സര്‍ക്കാരും ജാഗ്രത പാലിക്കണം. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. സംസ്ഥാനത്ത് കേന്ദ്രസേനയുടെ വിന്യാസം വര്‍ദ്ധിപ്പിക്കാന്‍ ഉത്തരവിട്ട കോടതി, അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെ നിലവിലെ സുരക്ഷാ ക്രമീകരണങ്ങള്‍ തുടരണമെന്നും നിര്‍ദ്ദേശിച്ചു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് കോടതി അതീവ പ്രാധാന്യമാണ് നല്‍കുന്നത്.