കൊൽക്കത്ത: ബോംബ് സ്‌ഫോടന കേസിൽ പ്രതികളായ തൃണമൂൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റു ചെയ്യാനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ ലൈംഗികാതിക്രമ കേസെടുത്ത ബംഗാൾ പൊലീസിന്റെ നടപടിക്കെതിരെ എൻഐഎ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. ഉദ്യോഗസ്ഥർക്കെതിരായ പൊലീസിന്റെ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.

പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപുർ ജില്ലയിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ അന്വേഷണത്തിനെത്തിയ എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ കുടുംബം നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

2022ലെ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനെത്തിയതായിരുന്നു ഉദ്യോഗസ്ഥർ. കേസിൽ രണ്ടു പേരെ ശനി രാവിലെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുമായി കൊൽക്കത്തയിലേക്കു മടങ്ങുംവഴി ആൾക്കൂട്ടം എൻഐഎ സംഘത്തിന്റെ വാഹനം തടയുകയും കല്ലേറിൽ കാറിന്റെ ചില്ല് തകരുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന്റെ പരാതിയിൽ എൻഐഎ സംഘത്തിന് നേരെ പൊലീസ് കേസെടുത്തത്.

രണ്ട് മാസം മുമ്പ് തൃണമൂൽ നേതാവിനെ അറസ്റ്റ് ചെയ്യാനെത്തിയ ഇഡി ഉദ്യോഗസ്ഥർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. സസ്‌പെൻഡ് ചെയ്യപ്പെട്ട തൃണമൂൽ നേതാവ് ഷേഖ് ഷാജഹാന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥർക്കെതിരെ ആക്രമണമുണ്ടായതിന് പിന്നാലെയായിരുന്നു പൊലീസ് കേസെടുത്തത്.