ഡൽഹി:മയക്കുമരുന്ന് സംഘങ്ങളും ഭീകരരുമായുള്ള ഉതത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ബന്ധത്തെക്കുറിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹി ഉൾപ്പടെ രാജ്യത്തെ നാല് സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്.ഡൽഹിക്ക് പുറമേ രാജസ്ഥാൻ,പഞ്ചാബ്,ഹരിയാന സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്.ഈ സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട 40 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.പ്രധാനമായും നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘങ്ങളുടെയും മയക്കുമരുന്ന് കടത്ത് സംഘങ്ങളുടെയും കേന്ദ്രങ്ങളിലാണ് റെയ്ഡ്.

നേരത്തെ ഒക്ടോബർ 14ന് ജമ്മു കശ്മീരിലെ പൂഞ്ച് ജില്ല ഉൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ ഡ്രോൺ ഡെലിവറി കേസുമായി ബന്ധപ്പെട്ട് എൻഐഎ പരിശോധന നടത്തിയിരുന്നു. എന്നാൽ സംഭവത്തിൽ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് എൻഐഎ പറയുന്നത്.

കഴിഞ്ഞ ഒമ്പത് മാസത്തിനിടെ പാക്കിസ്ഥാനിൽ നിന്ന് 191 ഡ്രോണുകൾ ഇന്ത്യൻ പ്രദേശത്തേക്ക് അനധികൃതമായി പ്രവേശിച്ചത് സുരക്ഷാ സേന നിരീക്ഷിച്ചു.ഇത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുടെ കാര്യത്തിൽ വലിയ ആശങ്കകൾ ഉയർത്തുന്നുവെന്നതിനാലാണ് ദേശീയ അന്വേഷണ ഏജൻസി ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തിയത്.

പാക്കിസ്ഥാൻ ഭാഗത്തുനിന്നുള്ള ഇത്തരം നിയമവിരുദ്ധ ശ്രമങ്ങൾക്ക് തടയിടാൻ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സുരക്ഷാ സേനയിൽ നിന്നുള്ള നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ അടുത്തിടെ തേടിയിരുന്നു.സുരക്ഷയുടെ ഭാഗമായി തിങ്കളാഴ്ച പുലർച്ചെ പഞ്ചാബിലെ അമൃത്സർ സെക്ടറിൽ പാക്കിസ്ഥാൻ അതിർത്തിയിൽ നിന്ന് ഇന്ത്യയിലേക്ക് കടന്ന ഡ്രോൺ അതിർത്തി സുരക്ഷാ സേന വെടിവെച്ചിട്ടിരുന്നു.