കൊല്‍ക്കത്ത: രാജ്യത്തെ നടുക്കിയ കൊല്‍ക്കത്ത ലൈംഗികാതിക്രമ കൊലപാതക കേസില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനും മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കുമെതിരെ പ്രതിഷേധം വ്യാപകമാകുന്നതിനിടെ പ്രതികരണവുമായി ഡല്‍ഹിയില്‍ കൊല്ലപ്പെട്ട 'നിര്‍ഭയ'യുടെ അമ്മ ആശാ ദേവി രംഗത്ത്. സാഹചര്യം ഇത്രയും വഷളാക്കിയതില്‍ മമതയ്ക്ക് പങ്കുണ്ടെന്നും അവര്‍ രാജിവെക്കണമെന്നും ആശാ ദേവി ആവശ്യപ്പെട്ടു.

രാജ്യത്ത് ഡോക്ടര്‍മാര്‍ പോലും സുരക്ഷിതരല്ലെന്നും കൊല്‍ക്കത്തയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കൊലയാളികളെ പിടികൂടുന്നതില്‍ നിയമ സംവിധാനങ്ങള്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്നും നിര്‍ഭയയുടെ അമ്മ ആശ ദേവി പ്രതികരിച്ചു. നിര്‍ഭയയ്ക്ക് ശേഷം ശക്തമായ നിയമങ്ങള്‍ നിലവില്‍ വന്നിട്ടും രാജ്യത്ത് സ്ത്രീകള്‍ സുരക്ഷിതരല്ല. കൊല്‍ക്കത്തയിലെ വനിതാ ഡോക്ടര്‍ക്ക് നീതി കിട്ടണം. ബംഗാളില്‍ എല്ലാം വകുപ്പുകളും മമത ബാനര്‍ജിയുടെ കയ്യില്‍ ഉണ്ടായിട്ടും ഒരു പെണ്‍കുട്ടിയുടെ ജീവന്‍ പോലും രക്ഷിക്കാന്‍ ആയില്ലെന്നും ആശ ദേവി അഭിപ്രായപ്പെട്ടു.

ആര്‍ജി കര്‍ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ജൂനിയര്‍ ഡോക്ടറെ കൊലപ്പെടുത്തിയത്. ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ വെച്ചാണ് ക്രൂര കൃത്യം നടന്നത്. സിവില്‍ പൊലീസ് വോളണ്ടിയറായ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്‌തെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്ന നിലപാടിലാണ് കുടുംബവും പ്രതിഷേധക്കാരും.പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായെന്നാണ് സംശയിക്കുന്നത്. ആശുപത്രിയിലെ ചില ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നുമുള്ള ആരോപണം നേരത്തെ ശക്തമായിരുന്നു.

2012ലാണ് ഡല്‍ഹിയില്‍ രാജ്യത്തെ നടുക്കിയ നിര്‍ഭയ കൊലപാതകം അരങ്ങേറിയത്. അതിന് സമാനമായിരുന്നു കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകവും. സംഭവത്തില്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് രാജ്യത്തെ ഡോക്ടര്‍മാര്‍ എല്ലവരും സമരത്തിലാണ്. അതിനിടെ പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരോട് തിരികെ ജോലിക്ക് കയറാന്‍ കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുന്നതിനായി പുതിയ കമ്മിറ്റിയെ നിയോഗിക്കുമെന്ന് ഉറപ്പ് നല്‍കിയ ശേഷമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന.

ആരോഗ്യപ്രവര്‍ത്തകരുമായും വിവിധ സംഘടനാ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കുന്നു പുതിയ കമ്മിറ്റി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ 24 മണിക്കൂര്‍ സമരം പുരോഗമിച്ചുകൊണ്ടിരിക്കെയാണ് കമ്മിറ്റിയെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ആരോഗ്യമേഖലയിലുള്ളവര്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സമിതിക്ക് മുന്‍പാകെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ഇന്ന് രാവിലെ ആറുമണിക്ക് ആരംഭിച്ച് നാളെ രാവിലെ ആറുമണിവരെ തുടരും. സര്‍ക്കാര്‍ ആശുപത്രികളിലെയും മെഡിക്കല്‍ കോളേജിലെയും ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമായും മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഐഎംഎ പ്രതിഷേധം. ഡോക്ടറുടെ കൊലപാതകത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം, ആശുപത്രികള്‍ പ്രത്യേക സുരക്ഷിത മേഖലയാക്കണം, ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ചട്ടങ്ങളില്‍ ഭേദഗതികള്‍ വരുത്തണം എന്നിവയാണ് സംഘടന ആവശ്യപ്പെടുന്നത്. അഡ്മിറ്റ് ചെയ്ത രോഗികള്‍ക്കുള്ള ചികിത്സയും ആവശ്യ സേവനങ്ങളും മുടങ്ങിയിട്ടില്ല.

കെജിഎംഒഎ, കെജിഎംസിടിഎ, എംപിജെഡിഎ തുടങ്ങിയ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്താണ് പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞദിവസവും സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെട്ടിരുന്നു.