അഹമ്മദാബാദ്: ബിൽക്കീസ് ബാനു കേസിലെ കുറ്റവാളികൾക്ക് പരോൾ നിഷേധിച്ച് കോടതി. രണ്ട് പേരാണ് പരോളിനായി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഹരജികളിൽ ജഡ്ജി അതൃപ്തി അറിയിച്ചതോടെ അഭിഭാഷകൻ ഹരജി പിൻവലിക്കുകയാണെന്ന് വ്യക്തമാക്കി.

ജസ്റ്റിസ് ദിവേഷ് ജോഷിയുടെ മുമ്പാകെയാണ് ഹരജിയെത്തിയത്. എന്നാൽ, ഹരജി പരിഗണിച്ച ജഡ്ജി പരോൾ നൽകാനാവില്ലെന്ന് വാക്കാൽ അറിയിച്ചു. തുടർന്ന് കേസിലെ കുറ്റവാളികളായ മിതേഷ് ഭട്ട്, ശൈലേഷ് ഭട്ട് എന്നിവരുടെ അഭിഭാഷകൻ ഹരജി പിൻവലിക്കുകയാണെന്ന് അറിയിച്ചു.

ഇതാദ്യമായാണ് ബിൽക്കീസ് കേസിലെ കുറ്റവാളികൾക്ക് പരോൾ നിഷേധിക്കുന്നത്. നേരത്തെ 2022 ആഗസ്റ്റിൽ ബിൽക്കീസ് ബാനു കേസിലെ 11 കുറ്റവാളികളേയും ഗുജറാത്ത് സർക്കാർ ജയിൽ മോചിതരാക്കിയിരുന്നു. തടവുകാലത്തെ നല്ല നടപ്പ് പരിഗണിച്ചായിരുന്നു മോചനമെന്നായിരുന്നു ഗുജറാത്ത് സർക്കാർ വാദം. എന്നാൽ, ഗുജറാത്ത് സർക്കാർ നടപടി റദ്ദാക്കിയ സുപ്രീംകോടതി പ്രതികളോട് എത്രയും പെട്ടെന്ന് കീഴടങ്ങാനും ആവശ്യപ്പെട്ടിരുന്നു.